Banner Ads

മുല്ലപ്പെരിയാറിൽ കടുപ്പിച്ച് വിജയ്! പുതിയ ഡാം അനുവദിക്കില്ല; നയപ്രഖ്യാപനത്തിൽ കേരളത്തിനെതിരെ ടിവികെ സർക്കാർ

ചെന്നൈ : മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിനെതിരെ ശക്തമായ നിലപാടുമായി ടിവികെ സർക്കാർ. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങളെ തടയുമെന്നും ഡാമിന്റെ ജലനിരപ്പ് ഉയർത്താൻ നടപടി സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി. ഗവർണർ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ് പ്രസ്താവന.

പെരിയാർ, അണ്ണാദുരൈ, അംബേദ്കർ എന്നിവരുടെ പേരുകള്‍ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ പരാമര്‍ശിച്ചു. ഡിഎംകെ സർക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് ലഹരിയൊഴുക്ക് തടയാൻ കഴിഞ്ഞില്ലെന്നും ഇതാണ് കുറ്റകൃത്യങ്ങൾ പെരുകാൻ കാരണമായതെന്നും സർക്കാർ കുറ്റപ്പെടുത്തി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും.

തമിഴ്‌നാടിന്റെ പ്രഖ്യാപിത നിലപാടായ ദ്വിഭാഷാ നയം തുടരും. കേന്ദ്രത്തിന്റെ ത്രിഭാഷാ നയത്തെയും ദേശീയ വിദ്യാഭ്യാസ നയത്തെയും ശക്തമായി എതിർക്കും. കേന്ദ്ര വിഹിതം നൽകുന്നതിനെ ത്രിഭാഷാ നയവുമായി ബന്ധിപ്പിക്കുന്ന കേന്ദ്ര നീക്കത്തെ അംഗീകരിക്കില്ല. ജാതിക്കും മതത്തിനും പണത്തിനും അതീതമായ പാർട്ടിയാണ് ടിവികെ എന്ന് ഗവർണർ അടിവരയിട്ടു പറഞ്ഞു.

പരമ്പരാഗത കീഴ്‌വഴക്കങ്ങൾ പിന്തുടർന്ന് തമിഴ് തായ് വാഴ്ത്ത് ആലപിച്ചാണ് സഭാനടപടികൾ ആരംഭിച്ചത്. തുടർന്ന് ദേശീയഗാനം ആലപിച്ചു. വന്ദേമാതരം ആലപിച്ചില്ല. തമിഴ്‌നാടിന്റെ അവകാശ സംരക്ഷണത്തിന് മുൻഗണന നൽകുമെന്ന പ്രഖ്യാപനത്തോടെയാണ് ഗവർണർ പ്രസംഗം അവസാനിപ്പിച്ചത്.