ഗുവാഹത്തി : അസമില്‍ കാണ്ടാമൃഗത്തിന്റെ ആക്രമണത്തില്‍ ബൈക്ക് യാത്രികൻ കൊല്ലപ്പെട്ടു. മോരിഗാവ് ജില്ലയിലെ പോബിതോറ വന്യജീവി സങ്കേതത്തില്‍നിന്ന് ചാടി പോയ കാണ്ടാമൃഗത്തിന്റെ ആക്രമണത്തില്‍ കാംരുപ് ജില്ലാ സ്വദേശി സദ്ദാം ഹുസൈന്‍ (37) ആണ് മരണപ്പെട്ടത്. ഞായറാഴ്ചയാണ് സംഭവം നടക്കുന്നത്. കാണ്ടാമൃഗം തനിക്കുനേരെ പാഞ്ഞു വരുന്നത് കണ്ട സദ്ദാം ബൈക്കില്‍നിന്ന് ഇറങ്ങി ഓടുകയും എന്നാല്‍ കാണ്ടാമൃഗം പിറകെയെത്തി ആക്രമിക്കുകയായിരുന്നു.
ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പങ്കിടപ്പെടുന്നു. ആളുകള്‍ ശബ്ദം വച്ച് കാണ്ടാമൃഗത്തെ തുരത്താന്‍ ശ്രമിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. പാടത്ത് നിന്നാണ് സദ്ദാമിന്റെ മൃതദേഹം കണ്ടെത്തിയത്. തല ചതഞ്ഞ നിലയിലാണ് മൃതദേഹം കിട്ടിയത്. കാണ്ടാമൃഗം വന്യജീവി സങ്കേതത്തില്‍നിന്ന് പുറത്ത് ചാടിയതാണെന്നും സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നുമാണ് റിപ്പോർട്ടുകൾ.