
തിരുവനന്തപുരം : ഗവൺമെന്റ് പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രിയുടെ നിലപാടിനെതിരെയും, പിഎം ശ്രീ പദ്ധതിയിലെ സർക്കാരിന്റെ ഇരട്ടത്താപ്പിനെതിരെയും കടുത്ത വിമർശനവുമായി മുൻ വ്യവസായ മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ പി രാജീവ്.
പ്ലീഡർ നിയമനം രാജിയോടെ അവസാനിച്ചുവെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്നും മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. അഡ്വക്കറ്റ് ജനറൽ നൽകുന്ന ഔദ്യോഗിക പാനലിൽ നിന്ന് മാത്രമേ ഗവൺമെന്റ് പ്ലീഡർമാരെ നിയമിക്കാവൂ എന്ന നിയമവും കീഴ്‌വഴക്കങ്ങളും ഇവിടെ ലംഘിക്കപ്പെട്ടു.
പലരും ഞങ്ങൾക്ക് പേര് നൽകിയിരുന്നു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെ തന്നെ നിയമനത്തിൽ ഗുരുതരമായ ചട്ടലംഘനം നടന്നതായി വ്യക്തമായിക്കഴിഞ്ഞു. തെറ്റ് പറ്റിയെന്ന് ബോധ്യപ്പെട്ടതുകൊണ്ടല്ലേ രാജി വെപ്പിച്ചത്? അതുകൊണ്ട് തന്നെ രാജി കൊണ്ട് മാത്രം ഈ വിവാദം അവസാനിക്കുന്നില്ലെന്ന് പി രാജീവ് വ്യക്തമാക്കി.
കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ സ്കൂൾ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തെയും പി രാജീവ് രൂക്ഷമായി വിമർശിച്ചു. മുൻപ് പ്രതിപക്ഷ നേതാവായിരുന്നപ്പോൾ പിഎം ശ്രീ പദ്ധതിയിലൂടെ കേന്ദ്രം ആർഎസ്എസ് അജണ്ടയാണ് നടപ്പിലാക്കാൻ ശ്രമിക്കുന്നത് എന്ന് ആരോപിച്ച ആളാണ് വിഡി സതീശൻ.
എന്നാൽ ഇപ്പോൾ അതേ ബിജെപി നയം തന്നെയാണ് നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ബിജെപിയും യുഡിഎഫും തമ്മിലുള്ള അന്തർധാരയാണ് ഇതിലൂടെ പുറത്തുവരുന്നതെന്നും പി രാജീവ് ആരോപിച്ചു.