Banner Ads

വിവാഹശേഷമുള്ള പ്രണയബന്ധം വ്യക്തിജീവിതം തകർത്തു; യുവാവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച് കുടുംബക്കോടതി

കൊച്ചി : വിവാഹ ശേഷവും ഭാര്യ മറ്റൊരാളുമായുള്ള പ്രണയബന്ധം തുടർന്നത് തന്റെ വ്യക്തിജീവിതം തകർത്തുവെന്ന യുവാവിന്റെ പരാതിയിൽ ചരിത്രപരമായ വിധി പ്രസ്താവിച്ച് കുടുംബക്കോടതി. മരട് സ്വദേശിയുടെ ഹർജിയിൽ മുൻഭാര്യയും ബന്ധുക്കളും സുഹൃത്തും ചേർന്ന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് പത്തനംതിട്ട കുടുംബക്കോടതി ഉത്തരവിട്ടു.

വിവാഹസമയത്ത് വരന്റെ കുടുംബം യുവതിക്ക് നൽകിയ 32 ഗ്രാം സ്വർണാഭരണങ്ങളോ അല്ലെങ്കിൽ അതിന്റെ നിലവിലെ വിപണി മൂല്യമോ 6 ശതമാനം പലിശ സഹിതം തിരികെ നൽകണമെന്നും ജഡ്ജി ഡോണി തോമസ് വർഗീസ് വിധിച്ചു.

ഹർജിക്കാരന്റെയും യുവതിയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹശേഷവും യുവതി മറ്റൊരാളുമായുള്ള രഹസ്യബന്ധം തുടർന്നു, മുൻപ് ഗർഭഛിദ്രം നടത്തിയ വിവരം മറച്ചുവെച്ചു, വിവാഹജീവിതത്തിനിടയിലും ഗർഭഛിദ്രത്തിന് വിധേയയായി തുടങ്ങിയ ആരോപണങ്ങളാണ് യുവാവ് കോടതിയിൽ ഉന്നയിച്ചത്.

യുവാവ് നേരിട്ട കടുത്ത വഞ്ചന, മാനസിക പീഡനം, കുടുംബത്തിന്റെ അന്തസ്സ് തകർത്തത് എന്നിവ കൃത്യമായി ബോധ്യപ്പെട്ടതിനാലാണ് കോടതി 15 ലക്ഷം രൂപയുടെ നഷ്ടപരിഹാരം അനുവദിച്ചത്. 2018 ജൂലൈയിൽ ഹർജി നൽകിയ തീയതി മുതൽ 6 ശതമാനം പലിശയും നൽകണമെന്ന് കോടതി നിർദേശിച്ചു.