
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ടാണ്. ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട്. ജൂൺ 21 മുതൽ മഴ വീണ്ടും ശക്തമാകുമെന്നാണ് പ്രവചനം.
അതിനിടെ, കോഴിക്കോട് പന്തലായനിയിൽ ഇന്ന് രാവിലെ എട്ട് മണിയോടെയുണ്ടായ ശക്തമായ ഇടിമിന്നലിൽ വ്യാപക നാശനഷ്ടമുണ്ടായി. നാഗരാജൻ എന്നയാളുടെ വീടിനാണ് മിന്നലേറ്റത്. ഇലക്ട്രോണിക് ഉപകരണങ്ങൾ പൂർണ്ണമായും തകരുകയും വീടിന്റെ തറയ്ക്കും ഭിത്തികൾക്കും വിള്ളൽ വീഴുകയും ചെയ്തു. ആളപായമില്ല.