Banner Ads

കായംകുളം തീരത്ത് മത്സ്യബന്ധനത്തിനിടെ കടലിൽ വീണ് തൊഴിലാളി മരിച്ചു

അമ്പലപ്പുഴ: കായംകുളം തീരത്ത് മത്സ്യബന്ധനത്തിലേർപ്പെടുന്നതിനിടെ വള്ളത്തിൽ നിന്ന് കടലിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കോമന വടക്കേ വീട്ടിൽ ബാലചന്ദ്രന്റെ മകൻ ശ്യാംകുമാർ (55) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം.

നാൽപ്പതോളം തൊഴിലാളികളുള്ള ‘കാർമ്മൽ’ എന്ന ലൈലന്റ് വള്ളത്തിലെ ജീവനക്കാരനായിരുന്നു ശ്യാംകുമാർ. കടലിൽ വെച്ച് വല വലിക്കുന്നതിനിടയിൽ അദ്ദേഹം അബദ്ധത്തിൽ കാലുതെറ്റി കടലിൽ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹപ്രവർത്തകർ ഉടൻ തന്നെ ഇദ്ദേഹത്തെ വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം നിലവിൽ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുന്ന മൃതദേഹത്തിന്റെ സംസ്കാരം ബുധനാഴ്ച നടക്കും.