
കോഴിക്കോട് : വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗമായ ജിതിൻ ഭാസ്കറാണ് അറസ്റ്റിലായത്. മുൻപ് കേസിൽ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്ന ഇയാളെ ഇന്ന് വീണ്ടും വിളിപ്പിച്ചു വരുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സാമുദായിക ഐക്യം തകർത്ത് കലാപമുണ്ടാക്കാൻ ശ്രമിക്കൽ (153 A), തെളിവ് നശിപ്പിക്കൽ (201), കുറ്റകൃത്യത്തിന് പ്രേരണ നൽകൽ (109) എന്നീ വകുപ്പുകളാണ് ജിതിനെതിരെ ചുമത്തിയിരിക്കുന്നത്. വിവാദ സ്ക്രീൻഷോട്ട് ആദ്യമായി പ്രചരിപ്പിച്ച വടകര സ്ക്വാഡ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഡിവൈഎഫ്ഐ നേതാവിലേക്ക് എത്തിയത്.
നേരത്തെ പരാമർശിക്കപ്പെട്ട ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ഈ വ്യാജ സ്ക്രീൻഷോട്ട് ലഭിച്ചതും വടകര സ്ക്വാഡ് ഗ്രൂപ്പിൽ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ഗ്രൂപ്പാണ് വ്യാജ സ്ക്രീൻഷോട്ടിന്റെ പ്രഭവകേന്ദ്രമെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.