
തൃശൂർ: ഏതുനിമിഷവും തകർന്നുവീഴാവുന്ന ജീർണാവസ്ഥയിലായിരുന്ന പഴയ കെട്ടിടത്തിൽ നിന്നും ഇരിങ്ങാലക്കുട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് ഒടുവിൽ മോചനം. കോടതിയുടെ പ്രവർത്തനം ഇരിങ്ങാലക്കുട മിനി സിവിൽ സ്റ്റേഷനിലെ കോടതി സമുച്ചയത്തിന്റെ മൂന്നാം നിലയിലേക്ക് മാറ്റി. ഇരിങ്ങാലക്കുട ബാർ അസോസിയേഷൻ സമർപ്പിച്ച നിർദേശം ഹൈക്കോടതി അംഗീകരിച്ചതോടെയാണ് വർഷങ്ങളായുള്ള അനിശ്ചിതത്വത്തിന് വിരാമമായത്.
കച്ചേരിവളപ്പിൽ ഏകദേശം 175 വർഷം പഴക്കമുള്ള കെട്ടിടത്തിലായിരുന്നു ഇതുവരെ കോടതി പ്രവർത്തിച്ചിരുന്നത്.മേൽക്കൂര പൂർണ്ണമായും ചോർന്നൊലിച്ചിരുന്നതിനാൽ പ്ലാസ്റ്റിക് ഷീറ്റുകൾ മേഞ്ഞാണ് താൽക്കാലികമായി പ്രവർത്തനം മുന്നോട്ട് കൊണ്ടുപോയത്.2014-ൽ കച്ചേരിവളപ്പിലെ മറ്റ് കോടതികളും ട്രഷറിയും താലൂക്ക് ഓഫീസും മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റിയിരുന്നെങ്കിലും മജിസ്ട്രേറ്റ് കോടതി മാത്രം പഴയ കെട്ടിടത്തിൽ തുടരുകയായിരുന്നു.
മാസങ്ങൾക്ക് മുൻപ് കോടതിയോട് ചേർന്നുനിന്ന കൂറ്റൻ വാകമരം കടപുഴകി വീണ് അഞ്ച് വാഹനങ്ങൾ തകർന്നതും വലിയ ആശങ്കയ്ക്ക് കാരണമായിരുന്നു.
കെട്ടിടത്തിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി അഡ്വ. ജെയിംസ് അവറാൻ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയിരുന്നു. കമ്മീഷൻ നിർദേശപ്രകാരം മുകുന്ദപുരം തഹസിൽദാർ മുഖേന ഇരിങ്ങാലക്കുട വില്ലേജ് ഓഫീസർ നടത്തിയ പരിശോധനയിൽ കെട്ടിടം അതീവ അപകടാവസ്ഥയിലാണെന്ന് കണ്ടെത്തി.ആദ്യം ബി.എസ്.എൻ.എൽ കെട്ടിടത്തിലേക്ക് മാറ്റാൻ ആലോചിച്ചിരുന്നെങ്കിലും, പുതിയ കോടതി സമുച്ചയത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നതിനാൽ ഇത് അധിക സാമ്പത്തിക ബാധ്യത വരുത്തുമെന്ന് വിലയിരുത്തി.
തുടർന്നാണ് മിനി സിവിൽ സ്റ്റേഷനിലെ കോടതി സമുച്ചയത്തിനുള്ളിൽ തന്നെയുള്ള ലഭ്യമായ സ്ഥലം ഉപയോഗപ്പെടുത്താമെന്ന നിർദേശം ബാർ അസോസിയേഷൻ ഹൈക്കോടതിക്ക് മുന്നിൽ വെച്ചത്. ഈ നിർദേശം അംഗീകരിച്ച ഹൈക്കോടതി കോടതി മാറ്റത്തിന് അനുമതി നൽകുകയായിരുന്നു.പുതിയ സ്ഥലത്തേക്ക് മാറുന്നതോടെ ജീവനക്കാർക്കും പൊതുജനങ്ങൾക്കും കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായ സാഹചര്യത്തിൽ കോടതി നടപടികൾ മുന്നോട്ട് കൊണ്ടുപോകാനാകും.