
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി സൗജന്യയാത്ര പദ്ധതിയുടെ ആദ്യദിനം കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ യാത്ര ചെയ്തത് 1329938 വനിതകൾ. സാധാരണയായി തിങ്കളാഴ്ചകളിൽ 7 ലക്ഷത്തോളം സ്ത്രീകളാണ് യാത്ര ചെയ്യാറുള്ളത്. എന്നാൽ പദ്ധതി നടപ്പിലായതോടെ 595245 യാത്രക്കാരുടെ അധിക വർദ്ധനവാണ് രേഖപ്പെടുത്തിയത്.
ഇന്നലെ മാത്രം 783115 വനിതാ യാത്രക്കാരാണ് സീറോ ടിക്കറ്റ് വാങ്ങി യാത്ര ചെയ്തത്. അതേസമയം, സീറോ ടിക്കറ്റ് വരുമാന നഷ്ടം 15956801 രൂപയാണ്. ബസുകളിൽ പുരുഷ യാത്രക്കാരുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി. ദിവസവേതനത്തിന് ജോലി ചെയ്യുന്ന സ്ത്രീകൾക്കും സാധാരണക്കാർക്കും വലിയ ആശ്വാസമാണ് ഈ പദ്ധതി.
ഇതുവഴി ഇവർക്ക് പ്രതിമാസം 600 രൂപ മുതൽ 3000 രൂപ വരെ യാത്രാക്കൂലി ഇനത്തിൽ ലാഭിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. യാത്ര സൗജന്യമാണെങ്കിലും ബസുകളിൽ കയറുമ്പോൾ കണ്ടക്ടറിൽ നിന്നും സീറോ ടിക്കറ്റ് നിർബന്ധമായും കൈപ്പറ്റണമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.