
ദില്ലി : രാജ്യത്ത് നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ ചോദ്യപേപ്പർ ചോർച്ചയും തട്ടിപ്പുകളും തടയുന്നതിനായി കർശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. ജൂൺ 22 വരെയാണ് ടെലഗ്രാം ആക്സസ് പരിമിതപ്പെടുത്തിയിരിക്കുന്നത്.
കൂടാതെ, സന്ദേശങ്ങൾ തിരുത്താനുള്ള മെസേജ് എഡിറ്റ് ഫീച്ചർ ജൂൺ 30 വരെ ഇന്ത്യയിൽ പ്രവർത്തനരഹിതമാക്കുകയും ചെയ്തിട്ടുണ്ട്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്. എന്‍ഇഇടി പേപ്പർ ലീക്ക് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന നിരവധി ടെലഗ്രാം ചാനലുകളും ബോട്ടുകളും അധികൃതർ അടച്ചുപൂട്ടി.
അതേസമയം, പുനഃപരീക്ഷയുടെ ചോദ്യപേപ്പർ വിൽപ്പനയ്ക്കുണ്ടെന്ന രീതിയിൽ സോഷ്യൽ മീഡിയയിലും ടെലഗ്രാമിലും നടക്കുന്ന പ്രചാരണങ്ങൾ പൂർണ്ണമായും വ്യാജമാണെന്ന് കേന്ദ്ര സർക്കാരിന്റെ പിഐബി ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. ചോദ്യപേപ്പർ ലഭ്യമാക്കാമെന്ന വാഗ്ദാനങ്ങൾ വെറും തട്ടിപ്പ് മാത്രമാണെന്ന് ദേശീയ പരീക്ഷാ ഏജൻസിയും വ്യക്തമാക്കിയിട്ടുണ്ട്.
വിദ്യാർത്ഥികളും രക്ഷിതാക്കളും ഇത്തരം അഭ്യൂഹങ്ങൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. പരീക്ഷയുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങൾക്ക് എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റ് മാത്രം ആശ്രയിക്കുക. പരീക്ഷയുടെ സുതാര്യത തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി.