Banner Ads

കഞ്ചാവ് കേസ് പ്രതിയുടെ സഹോദരൻ ആഭ്യന്തര മന്ത്രിയുടെ സ്റ്റാഫിൽ; രമേശ് ചെന്നിത്തലയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി വി കെ സനോജ്

തൃശൂർ : ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിനെതിരെയും കെഎസ്ആർടിസിയിലെ പരിഷ്കരണങ്ങൾക്കെതിരെയും കടുത്ത വിമർശനവുമായി ഡിവൈഎഫ്ഐ. കഞ്ചാവ് കേസ് പ്രതിയുടെ സഹോദരനും യൂത്ത് കോൺഗ്രസ് നേതാവുമായ നഹാസ് പത്തനംതിട്ടയെ ആഭ്യന്തര മന്ത്രിയുടെ സ്റ്റാഫിൽ നിയമിച്ചതിനെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.

നിലവിലെ ലഹരിക്കേസ് കൃത്യമായി അന്വേഷിച്ചാൽ നഹാസ് തന്നെ പ്രതിയാകാൻ സാധ്യതയുള്ള സാഹചര്യമാണുള്ളത്. മയക്കുമരുന്ന് വേട്ടയ്ക്കായി ആഭ്യന്തര വകുപ്പ് നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാന് നേതൃത്വം നൽകുന്ന ഓഫീസിൽ തന്നെയാണ് ഇത്തരമൊരു പശ്ചാത്തലമുള്ളയാളെ നിയമിച്ചിരിക്കുന്നത്. ഇത് വലിയ വിരോധാഭാസമാണ്. ഈ നിയമനത്തിലൂടെ ലഹരിക്കേസ് അട്ടിമറിക്കാനാണ് നീക്കം നടക്കുന്നത്.

ആഭ്യന്തര വകുപ്പിന്റെ നടപടിക്കെതിരെ ഡിവൈഎഫ്ഐ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും സനോജ് പറഞ്ഞു. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിരുന്ന ഓർഡിനറി ബസുകളെ സിറ്റി ഫാസ്റ്റ് ബസുകളാക്കി മാറ്റി സാധാരണക്കാരായ യാത്രക്കാരെ സർക്കാർ വഞ്ചിക്കുകയാണ്. ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച ശേഷം അതില്ലാതാക്കുന്ന ഇത്തരം ജനദ്രോഹ നടപടികളിൽ നിന്നും സർക്കാർ പിന്മാറണമെന്നും സനോജ് ആവശ്യപ്പെട്ടു.