
കൊല്ലം: ജില്ലാ ആശുപത്രി റോഡിലെ മൊത്തവ്യാപാര സ്ഥാപനത്തിന്റെ ഷട്ടർ പൊളിച്ച് 23 ലക്ഷം രൂപ കവർന്ന കേസിലെ പ്രതികളെ കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടി. ഇരവിപുരം വാളത്തുംഗൽ സ്വദേശികളായ സജിൽ എസ്, അനന്തുരവി എന്നിവരാണ് പിടിയിലായത്.
മോഷണപ്പണം ഉപയോഗിച്ച് കാറും വിലകൂടിയ മൊബൈലുകളും വാങ്ങി ഗോവയിലും ബാംഗ്ലൂരിലും ആഡംബര ജീവിതം നയിക്കുകയായിരുന്നു ഇരുവരും. ഏപ്രിൽ 26ന് രാത്രി 12.45 ഓടെയായിരുന്നു കൊല്ലം ജില്ലാ ആശുപത്രി റോഡിലുള്ള സ്റ്റെയിൻസ് ട്രേഡിംഗ് കമ്പനിയിൽ കവർച്ച നടന്നത്.
സ്ഥാപനത്തിന്റെ പിൻഭാഗത്തെ ഷട്ടർ പൊളിച്ച് അകത്തുകയറിയ പ്രതികൾ ലോക്കർ കുത്തിത്തുറന്ന് 20 ലക്ഷം രൂപയും ക്യാഷ് ട്രേയിൽ സൂക്ഷിച്ചിരുന്ന 3 ലക്ഷം രൂപയും ഉൾപ്പെടെ 23 ലക്ഷം രൂപ കവർന്നു. തെളിവ് നശിപ്പിക്കുന്നതിനായി സിസിടിവി ക്യാമറകളും ബില്ലിംഗ് ട്രേയും ഷട്ടറുമെല്ലാം തല്ലിത്തകർത്തു.
ഏകദേശം 25000 രൂപയുടെ നാശനഷ്ടമാണ് സ്ഥാപനത്തിലുണ്ടായത്. ഒന്നാം പ്രതിയായ സജിൽ മുൻപ് ഐസ്ക്രീം കച്ചവടം നടത്തിയിരുന്നയാളാണ്. കച്ചവട ആവശ്യങ്ങൾക്കായി ഇയാൾ സ്ഥിരമായി ഈ വ്യാപാര സ്ഥാപനത്തിൽ വരാറുണ്ടായിരുന്നു.
സ്ഥാപനത്തിൽ ദിവസവും നടക്കുന്ന വലിയ പണമിടപാടുകളെക്കുറിച്ചും പണം സൂക്ഷിക്കുന്ന ലോക്കറിനെക്കുറിച്ചും സജിൽ നിരീക്ഷിച്ച് മനസ്സിലാക്കി. തുടർന്നാണ് സുഹൃത്തായ അനന്തു രവിയെയും കൂടെക്കൂട്ടി കവർച്ച പ്ലാൻ ചെയ്തത്. മോഷണത്തിന് ശേഷം പ്രതികൾ സംസ്ഥാനം വിട്ടിരുന്നു.
പോലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇവർ തമിഴ്നാട്ടിലേക്ക് കടന്നതായി മനസ്സിലാക്കിയ പോലീസ് നാല് സംഘങ്ങളായി തിരിഞ്ഞ് അവിടെ അന്വേഷണം ആരംഭിച്ചു.
പ്രതികൾ തമിഴ്നാട്ടിലെ കൂടംകുളത്ത് ഉള്ളതായി വിവരം ലഭിച്ചതോടെ പോലീസ് കൂടംകുളത്ത് എത്തി. എന്നാലിവർ അന്വേഷണ സംഘത്തെ വെട്ടിച്ച് കടന്ന് കളയുകയായിരുന്നു. നേരെ കൊല്ലത്തേക്ക് എത്തിയതോടെ 13 ന് കളക്ട്രേറ്റ് ഭാഗത്ത് നിന്നും കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇരുവർക്കുമെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകൾ നിലവിലുണ്ട്. കൊല്ലം ഈസ്റ്റ് എസ്.ഐ രഞ്ജുവിന്റെ നേതൃത്വത്തിൽ പ്രതികളെ സ്റ്റെയിൻസ് ട്രേഡിംഗ് കമ്പനിയിലെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.