Banner Ads

ഒമാൻ തീരത്ത് പായ്ക്കപ്പൽ മുങ്ങി; അമേരിക്കൻ-ഇന്ത്യൻ നാവികസേനകളുടെ സമയോചിത ഇടപെടലിൽ 14 ഇന്ത്യക്കാരും സുരക്ഷിതർ

മസ്‌കറ്റ്: ഒമാൻ തീരത്ത് എഞ്ചിൻ തകരാറിനെ തുടർന്ന് അപകടത്തിൽപ്പെട്ട പായ്ക്കപ്പലിലെ 14 ഇന്ത്യൻ ജീവനക്കാരെയും അതിസാഹസികമായി രക്ഷപ്പെടുത്തി. അമേരിക്കൻ നാവികസേനയുടെ സമയോചിതമായ ഇടപെടലും വിവരകൈമാറ്റവുമാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്.ശനിയാഴ്ച ഒമാനിലെ റാസ് അൽ ഹദ്ദിന് കിഴക്ക് 80 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് ‘എം.എസ്.വി വിരാട് 1’ (MSV Virat 1) എന്ന ഇന്ത്യൻ പായ്ക്കപ്പൽ അപകടത്തിൽപ്പെട്ടത്.

കപ്പൽ മുങ്ങുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടയുടൻ അമേരിക്കൻ നാവികസേനയുടെ പി-8 (P-8) നിരീക്ഷണ വിമാനം അപകടസ്ഥലത്തേക്ക് കുതിക്കുകയും ജീവനക്കാർക്കായി ‘ലൈഫ് റാഫ്റ്റ്’ (രക്ഷാബോട്ട്) താഴേക്ക് ഇട്ടുകൊടുക്കുകയും ചെയ്തു.ഇന്ത്യൻ നാവികസേനയുടെ ഇടപെടൽ യു.എസ് നാവികസേനയിൽ നിന്ന് അടിയന്തര സന്ദേശം ലഭിച്ചയുടൻ ഇന്ത്യൻ നാവികസേന രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

ഈ സമയം സമീപത്തുണ്ടായിരുന്ന ‘ജബൽ അലി 9’ എന്ന മർച്ചന്റ് വെസലും രക്ഷാപ്രവർത്തനത്തിനായി ഉടൻ തന്നെ സ്ഥലത്തെത്തി.പായ്ക്കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യക്കാരെയും സുരക്ഷിതമായി ലൈഫ് റാഫ്റ്റിലേക്ക് മാറ്റിയതായും എല്ലാവരും പൂർണ്ണ ആരോഗ്യവാന്മാരായിരിക്കുന്നുവെന്നും ഒമാനിലെ ഇന്ത്യൻ എംബസി ഔദ്യോഗികമായി സ്ഥിരീകരിച്ചു. എഞ്ചിൻ തകരാറാണ് കപ്പൽ മുങ്ങാൻ കാരണമായതെന്നും അധികൃതർ വ്യക്തമാക്കി.