Banner Ads

മുന്നറിയിപ്പ് ബോർഡും തള്ളി റിസർവ് വനത്തിൽ ബൈക്ക് ട്രക്കിംഗ്; ആര്യങ്കാവിൽ വഴിതെറ്റി കുടുങ്ങിയ യുവാക്കളെ രക്ഷപെടുത്തി

ആര്യങ്കാവ് : വനംവകുപ്പിന്റെ നിർദ്ദേശങ്ങളും മുന്നറിയിപ്പ് ബോർഡുകളും അവഗണിച്ച് ഉൾവനത്തിൽ ബൈക്ക് ട്രക്കിംഗിന് പോയ രണ്ട് യുവാക്കൾ കാട്ടിനുള്ളിൽ കുടുങ്ങി. മണിക്കൂറുകൾ നീണ്ട ആശങ്കയ്‌ക്കൊടുവിൽ വനപാലക സംഘം ഇവരെ സുരക്ഷിതമായി പുറത്തെത്തിച്ചു. കൊല്ലം അഞ്ചാലുംമൂട് സ്വദേശികളായ ജയേഷ്, രോഹിത് എന്നിവരാണ് ആര്യങ്കാവ് വനത്തിനുള്ളിലെ രാജാത്തോട്ടം മേഖലയിൽ അകപ്പെട്ടത്.

ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് യുവാക്കൾ വനത്തിനുള്ളിലേക്ക് കടന്നത്. ബൈക്കിൽ കാട്ടിലൂടെ സഞ്ചരിച്ച ഇവർക്ക് തിരിച്ചിറങ്ങുന്നതിനിടെ വഴി തെറ്റുകയും ഉൾവനത്തിൽ പെട്ടുപോവുകയുമായിരുന്നു. കാട്ടിൽ കുടുങ്ങിയെന്ന് ബോധ്യപ്പെട്ടതോടെ യുവാക്കൾ മൊബൈൽ ഫോൺ വഴി വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു.

മൊബൈൽ ടവർ സിഗ്നലുകൾ കേന്ദ്രീകരിച്ച് കാടിനുള്ളിൽ തിരച്ചിൽ ആരംഭിച്ചു. രാത്രി ഒമ്പത് മണിയോടെ ഇരുവരെയും കണ്ടെത്തി പുറത്തെത്തിച്ചു. റിസർവ് വനമേഖലയിൽ പ്രവേശിക്കരുതെന്നും അനധികൃതമായി കടന്നാൽ കടുത്ത ശിക്ഷ ലഭിക്കുമെന്നുമുള്ള ബോർഡുകൾ സ്ഥാപിച്ചതിന് തൊട്ടുമുന്നിലൂടെയാണ് ഇവർ നിയമം ലംഘിച്ച് കാടുകയറിയത്.

അനുമതിയില്ലാതെ റിസർവ് വനത്തിൽ അതിക്രമിച്ചു കടന്നതിനും വന്യജീവി നിയമങ്ങൾ ലംഘിച്ചതിനും ഇരുവർക്കുമെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.