
പാലക്കാട് : തൃത്താല കുമ്പിടിയിൽ വീടിന്റെ കോഴിക്കൂട്ടിൽ കയറി കോഴിയെ കൊന്ന് മുട്ടയും വിഴുങ്ങിയ മൂർഖൻ പാമ്പിനെ പിടികൂടി. കുമ്പിടി ഉമ്മത്തൂർ പന്നിക്കായിൽ കുഞ്ഞാവയുടെ വീടിന്റെ കോഴിക്കൂട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.
കോഴിക്കൂട്ടിൽ നിന്നും കോഴികളുടെ അസ്വാഭാവികമായ കരച്ചിലും ബഹളവും കേട്ടാണ് വീട്ടുകാർ ഓടിയെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൂടിനുള്ളിൽ ചുരുണ്ടുകൂടി കിടക്കുന്ന നിലയിൽ മൂർഖൻ പാമ്പിനെ കണ്ടത്. അപ്പോഴേക്കും കൂട്ടിനകത്തുണ്ടായിരുന്ന ഒരു കോഴിയെ പാമ്പ് കൊന്നിട്ടുണ്ടായിരുന്നു.
കൂടാതെ ഒരു മുട്ടയും പാമ്പ് വിഴുങ്ങിയിരുന്നു. വീട്ടുകാർ ഉടൻ തന്നെ സ്‌നേക്ക് റെസ്‌ക്യൂ പ്രവർത്തകനായ കുമ്പിടി സ്വദേശി മനോജിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ മനോജ് ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ പാമ്പിനെ പിടികൂടി. പാമ്പിനെ വനംവകുപ്പിന് കൈമാറി.