Banner Ads

മുക്കാൽ മണിക്കൂർ കാത്തിരുന്നിട്ടും ടെമ്പറേച്ചർ പോലും നോക്കിയില്ല; ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതിയുമായി മാതാപിതാക്കൾ

ഒറ്റപ്പാലം : പാലക്കാട് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പനിയുമായി എത്തിയ ഏഴ് വയസ്സുകാരന് ചികിത്സ നൽകിയില്ലെന്ന ആരോപണവുമായി രക്ഷിതാക്കൾ രംഗത്ത്. വാണിയംകുളം ചെറുകാട്ടുപുലം സ്വദേശികളായ നിതീഷ്-രേഷ്മ ദമ്പതികളുടെ മകനാണ് അവഗണന നേരിടേണ്ടി വന്നത്. വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് കുട്ടിയുമായി ആശുപത്രിയിലെത്തിയത്.

മുൻപ് ഫിറ്റ്സ് വന്നിട്ടുള്ള കുട്ടിയായിരുന്നിട്ടും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ടെമ്പറേച്ചർ പോലും പരിശോധിക്കാൻ തയ്യാറായില്ലെന്ന് മാതാപിതാക്കൾ ആരോപിച്ചു. മുക്കാൽ മണിക്കൂറോളം കാത്തിരുന്നിട്ടും ചികിത്സ ലഭിക്കാതെ വന്നതോടെ കുട്ടിയുമായി സ്വകാര്യ ആശുപത്രിയിൽ പോയി ചികിത്സ തേടേണ്ടിവന്നുവെന്നും രക്ഷിതാക്കൾ പറഞ്ഞു.

അവിടെ നാലായിരത്തോളം രൂപ ചെലവഴിച്ച് ചികിത്സ നൽകിയ ശേഷമാണ് കുട്ടിയുടെ പനിയും ഛർദ്ദിയും കുറഞ്ഞത്. സംഭവത്തിൽ ഉടൻ തന്നെ ഔദ്യോഗികമായി പരാതി നൽകുമെന്നും രക്ഷിതാക്കൾ അറിയിച്ചു. അതേസമയം, ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും എന്താണ് സംഭവിച്ചതെന്ന് വിശദമായി അന്വേഷിക്കുമെന്നും ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു.

എന്നാൽ, നേരത്തെ കാണിച്ച ഡോക്ടറുടെ കുറിപ്പടിയുമായാണ് ഇവര്‍ എത്തിയതെന്നും അതേ മരുന്ന് തുടരാനും താന്‍ നിര്‍ദേശിച്ചെന്നും ഡ്യൂട്ടി ഡോക്ടര്‍ അറിയിച്ചു.