
പാലക്കാട് : സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ ആശങ്ക വർദ്ധിപ്പിച്ച് മരണവും രോഗബാധയും. പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം റിപ്പോർട്ട് ചെയ്തു. കരിമ്പുഴ പൊമ്പ്ര അമ്പലംപാടം കന്നിച്ചാലിൽ മറിയ ആണ് മരിച്ചത്.
പനിയെ തുടർന്ന് ഇന്നലെ മണ്ണാർക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, തൃശ്ശൂരിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലം പ്രദേശത്തെ ഏഴും നാലും വയസ്സുള്ള രണ്ട് കുട്ടികൾക്കാണ് രോഗബാധ.
അവധിക്കാലം ആഘോഷിക്കാൻ തമിഴ്നാട്ടിലെ അമ്മ വീട്ടിൽ പോയി മടങ്ങിവന്ന കുട്ടികൾക്കാണ് രോഗബാധയുണ്ടായത്. ഇരുവരും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. പ്രദേശത്ത് ആരോഗ്യ പ്രവർത്തകർ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി.