
പാലക്കാട് : ലെവൽ ക്രോസിംഗ് ഗേറ്റുകൾ അടച്ചിട്ടിരിക്കുമ്പോൾ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നവർക്കെതിരെ നടപടിയുമായി റെയിൽവേ. നിയമലംഘനം നടത്തിയ ആറ് ഡ്രൈവർമാരുടെ ലൈസൻസ് പാലക്കാട് ഡിവിഷനിൽ മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു.
റെയിൽവേ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പാണ് നടപടി സ്വീകരിച്ചത്. റെയിൽവേ ഗേറ്റുകളിൽ അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നവരുടെ ലൈസൻസ് താൽക്കാലികമായോ സ്ഥിരമായോ റദ്ദാക്കാൻ എംവിഡിക്ക് നിർദ്ദേശം നൽകിയിരുന്നു.
ദക്ഷിണ റെയിൽവേയുടെ പരിധിയിൽ ലെവൽ ക്രോസിംഗ് ഗേറ്റുകളിലെ അശ്രദ്ധയും സുരക്ഷാ നിയമലംഘനവും ഏറ്റവും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പാലക്കാട് ഡിവിഷനിലാണ്. 2025 – 2026 വർഷങ്ങളിൽ മാത്രം ഏകദേശം 79 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
1989ലെ റെയിൽവേ നിയമപ്രകാരം അടഞ്ഞുകിടക്കുന്ന ലെവൽ ക്രോസിംഗിലെ ചങ്ങലയോ മറ്റ് തടസ്സങ്ങളോ മാറ്റാൻ ശ്രമിച്ചാൽ മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാം. റെയിൽവേ ഗേറ്റ് വാഹനം ഇടിച്ച് തകർക്കുകയോ കേടുപാടുകൾ വരുത്തുകയോ ചെയ്താൽ അഞ്ച് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെന്നും റെയിൽവേ അധികൃതർ അറിയിച്ചു.