Banner Ads

തരംതാഴ്ത്തിയ ബ്രാഞ്ചിൽ പികെ ശശിയുടെ കൊലവിളി; ജീവന് ഭയമുണ്ടെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകി സിപിഎം ബ്രാഞ്ച് സെക്രട്ടറി

പാലക്കാട് : സിപിഎം നേതാവും മുൻ എംഎഎയുമായ പികെ ശശി ഫോണിലൂടെ ഭീഷണി മുഴക്കിയെന്ന പരാതിയുമായി പാർട്ടി ബ്രാഞ്ച് സെക്രട്ടറി രംഗത്ത്. നായാടിപ്പാറ ബ്രാഞ്ച് സെക്രട്ടറിയും കേരള ബാങ്ക് ശ്രീകൃഷ്ണപുരം ശാഖയിലെ ജീവനക്കാരനുമായ കെ മണികണ്ഠനാണ് പരാതിക്കാരൻ.

തനിക്കെതിരെ ശബ്ദിച്ചാൽ കയ്യും കാലും വെട്ടുമെന്നും കണ്ണ് അടിച്ചുപൊട്ടിക്കുമെന്നും പികെ ശശി ഭീഷണിപ്പെടുത്തിയതായി മണികണ്ഠൻ ആരോപിച്ചു. ഭയമുണ്ടെന്നും പി കെ ശശി സാമൂഹ്യവിരുദ്ധരെ ഉപയോഗിച്ച് തന്നെ അപായപ്പെടുത്താൻ ശ്രമം നടത്തുമെന്ന് ആശങ്കയുണ്ടെന്നും മണികണ്ഠൻ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് മണികണ്ഠൻ മുഖ്യമന്ത്രി,ആഭ്യന്തര മന്ത്രി, പ്രതിപക്ഷ നേതാവ്,ഡിജിപി എന്നിവർക്ക് പരാതി നൽകി. അതേസമയം താൻ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ബാങ്കിൽ ലോൺ ആവശ്യത്തിനായി എത്തിയ ഇടപാടുകാരനോട് മണികണ്ഠൻ മോശമായി പെരുമാറിയതിനെക്കുറിച്ച് ചോദിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ശശിയുടെ വിശദീകരണം.

മുൻപ് പാർട്ടി അച്ചടക്ക നടപടിയുടെ ഭാഗമായി പികെ ശശിയെ തരംതാഴ്ത്തിയത് നായാടിപ്പാറ ബ്രാഞ്ചിലേക്കായിരുന്നു. ശശിയുടെ വീട് സ്ഥിതി ചെയ്യുന്നതും ഈ ബ്രാഞ്ച് പരിധിയിലാണ്.