Banner Ads

കോഴിക്കോട് വീണ്ടും നിപ നിഴൽ; രാമനാട്ടുകര സ്വദേശിയുടെ നില ഗുരുതരം, അഞ്ച് പേരുടെ പരിശോധനാ ഫലം ഇന്ന്

കോഴിക്കോട് : ജില്ലയിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്. നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രാമനാട്ടുകര സ്വദേശിയായ 43കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

ഇയാളുമായി അടുത്ത സമ്പർക്കം പുലർത്തിയ അഞ്ച് പേരുടെ പരിശോധനാ ഫലങ്ങൾ ഇന്ന് വൈകുന്നേരത്തോടെ ലഭ്യമാകും. രാമനാട്ടുകര നഗരസഭയിലെ അഞ്ചാം ഡിവിഷനിലെ താമസക്കാരനാണ്. കോഴിക്കോട് മെഡിക്കൽ കോളേജിലെ വിആർഡിഎൽ ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാളെ രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്നലെ അർദ്ധരാത്രിയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. കെഎച്ച്ആർഡബ്ല്യുഎസ് പേ വാർഡ് പൂർണ്ണമായും ഒഴിപ്പിച്ചാണ് നിപ രോഗികൾക്കായി ഐസൊലേഷൻ വാർഡ് സജ്ജീകരിച്ചത്.

മെഡിക്കല്‍ കോളേജിലെ ഈ മേഖലയില്‍ കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്തി. ഇയാളുടെ കുടുംബാംഗങ്ങളും സമ്പർക്കത്തിൽ വന്ന ബന്ധുക്കളും നിലവിൽ നിരീക്ഷണത്തിലാണ്. ഇയാൾ ആദ്യം ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലെ രണ്ട് ജീവനക്കാരെയും ക്വാറന്റീനിലേക്ക് മാറ്റിയിട്ടുണ്ട്.

ഫറോക്കിലെ പഴയൊരു ഗോഡൗൺ ഇയാൾ അടുത്തിടെ വൃത്തിയാക്കിയിരുന്നു. അവിടെയുണ്ടായിരുന്ന വവ്വാലുകളിൽ നിന്നാകാം വൈറസ് ബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേർന്നു.

കോഴിക്കോട് ജില്ലാ കളക്ടറുടെ നേതൃത്വത്തിലും അടിയന്തിര യോഗം വിളിച്ച് ചേർത്തിട്ടുണ്ട്. പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണ ഫലം വന്ന ശേഷമേ ആരോഗ്യവകുപ്പ് വിശദമായ റൂട്ട് മാപ്പും സമ്പർക്കപ്പട്ടികയും പുറത്തുവിടുകയുള്ളൂ.