
പാലക്കാട്: കെ.എസ്.ആർ.ടി.സി. ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച സർക്കാർ തീരുമാനം സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ. പുതിയ ആനുകൂല്യം പ്രഖ്യാപിച്ചപ്പോൾ സ്വകാര്യ ബസുടമകൾ നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ പോലും സർക്കാർ തയ്യാറായില്ല.
സ്വകാര്യ ബസ് മേഖലയെ പൂർണ്ണമായും അവഗണിക്കുന്ന സമീപനമാണ് സർക്കാരിന്റേത്. ഈ പ്രതിസന്ധി തുടർന്നാൽ സംസ്ഥാനത്തെ സ്വകാര്യ ബസ് സർവീസുകൾ പൂർണ്ണമായും നിലച്ചുപോകുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി നാളെ തൃശൂരിൽ അടിയന്തര സംസ്ഥാന സമിതി യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാൻ പോലും കഴിയാത്ത വിധം ബസുടമകൾ സാമ്പത്തിക തകർച്ചയിലാണ്.
ദിവസേന ഡീസൽ അടിക്കാൻ പോലും പണമില്ലാത്ത അവസ്ഥയിൽ എങ്ങനെ സമരം ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. ഈ വിഷയങ്ങൾ ഉന്നയിച്ച് നേരത്തെ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും നേരിൽക്കണ്ട് നിവേദനം നൽകിയിരുന്നു. ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് അവർ ഉറപ്പുനൽകിയതല്ലാതെ, ഇതുവരെ അനുകൂലമായ യാതൊരു തീരുമാനവും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും ടി. ഗോപിനാഥൻ കുറ്റപ്പെടുത്തി.