Banner Ads

റെയിൽവേ ടിക്കറ്റ് ബുക്കിംഗിൽ വിപ്ലവം: പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഓഗസ്റ്റ് മുതൽ

ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് രംഗം കൂടുതൽ ജനസൗഹൃദവും വേഗമേറിയതുമാക്കാൻ ലക്ഷ്യമിട്ട് വൻ പരിഷ്‌കരണവുമായി കേന്ദ്ര റെയിൽവേ മന്ത്രാലയം. നിലവിലുള്ള ടിക്കറ്റ് ബുക്കിംഗ് സംവിധാനം പൂർണ്ണമായും നവീകരിച്ചുകൊണ്ടുള്ള പുതിയ ‘പാസഞ്ചർ റിസർവേഷൻ സിസ്റ്റം’ ഈ ഓഗസ്റ്റ് മുതൽ ഘട്ടംഘട്ടമായി നടപ്പിലാക്കും.1986 മുതൽ റെയിൽവേ ഉപയോഗിച്ചുവരുന്ന, പതിറ്റാണ്ടുകൾ പഴക്കമുള്ള പ്ലാറ്റ്‌ഫോമിന് പകരമായാണ് അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യകളോടെയുള്ള ഈ പുതിയ പതിപ്പ് അവതരിപ്പിക്കുന്നത്.

ഉയർന്ന ബുക്കിംഗ് ശേഷി ഒരേസമയം ലക്ഷക്കണക്കിന് യാത്രക്കാർ സൈറ്റിൽ പ്രവേശിച്ചാലും തടസ്സങ്ങളൊന്നുമില്ലാതെ, അതിവേഗത്തിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കും.AI സാങ്കേതികവിദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) സഹായത്തോടെ, വെയ്റ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റുകൾ കൺഫേം ആകാനുള്ള സാധ്യത എത്രത്തോളമുണ്ടെന്ന് യാത്രക്കാർക്ക് കൃത്യമായി പ്രവചിക്കാൻ പുതിയ പ്ലാറ്റ്‌ഫോമിന് കഴിയും.

സുരക്ഷിതമായ പേയ്‌മെന്റുകൾ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പണം നഷ്ടപ്പെടുന്നത് (Payment Failure) പരമാവധി ഒഴിവാക്കാനും, ബുക്കിംഗ് റദ്ദാക്കിയാൽ തുക വേഗത്തിൽ അക്കൗണ്ടിൽ തിരിച്ചെത്തിക്കാനും (Easy Refund) പുതിയ സംവിധാനം സഹായിക്കും.പുതിയ റിസർവേഷൻ സംവിധാനത്തിലേക്കുള്ള മാറ്റം വളരെ സുതാര്യമായിരിക്കണമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നിർദേശിച്ചു.

റെയിൽ ഭവനിൽ നടന്ന ഉന്നതതല യോഗത്തിൽ പദ്ധതിയുടെ പുരോഗതി വിലയിരുത്തിയ അദ്ദേഹം, പുതിയ പ്ലാറ്റ്‌ഫോമിലേക്ക് മാറുമ്പോൾ സാധാരണക്കാരായ യാത്രക്കാർക്ക് യാതൊരുവിധ സാങ്കേതിക തടസ്സങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.