
ദില്ലി : തെരഞ്ഞെടുക്കപ്പെട്ട് തുടർച്ചയായി ഏറ്റവും കൂടുതൽ കാലം രാജ്യം ഭരിച്ച പ്രധാനമന്ത്രിയെന്ന റെക്കോർഡ് സ്വന്തമാക്കിയ നരേന്ദ്ര മോദിക്ക് കേന്ദ്ര മന്ത്രിസഭയുടെ പ്രശംസ.
ചരിത്രനേട്ടം കൈവരിച്ച പ്രധാനമന്ത്രിയെ ആദരിച്ചുകൊണ്ട് കേന്ദ്ര മന്ത്രിസഭ പ്രത്യേക പ്രമേയം പാസാക്കി. യോഗത്തിൽ പങ്കെടുത്ത കേന്ദ്രമന്ത്രിമാർ എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് മോദിയോടുള്ള ആദരവ് പ്രകടിപ്പിച്ചത്. ജവഹർലാൽ നെഹ്‌റുവിന്റെ റെക്കോർഡാണ് നരേന്ദ്ര മോദി മറികടന്നത്.
തെരഞ്ഞെടുപ്പിൽ വിജയിച്ച് തുടർച്ചയായി 4398 ദിവസമാണ് നെഹ്‌റു പ്രധാനമന്ത്രി പദത്തിൽ ഇരുന്നിട്ടുള്ളത്. ഇന്ന് ഈ കാലാവധി പൂർത്തിയാക്കിയതോടെയാണ് നരേന്ദ്ര മോദി ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി അധികാരത്തിലിരുന്ന ജനപ്രതിനിധിയെന്ന റെക്കോർഡിന് അർഹനായത്.
നരേന്ദ്ര മോദി അഴിമതിയുടെ കറപുരളാത്ത നേതാവാണെന്ന് ബിഹാർ മുൻ മുഖ്യമന്ത്രി നിതീഷ് കുമാർ പുകഴ്ത്തി. ആഗോളതലത്തിൽ ഇന്ത്യയുടെ വിലയും നിലയും ഉയർത്താൻ മോദിക്ക് സാധിച്ചുവെന്ന് ഇംഗ്ലീഷ് ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ നിതീഷ് കുമാർ ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ വികസനത്തിനും വളർച്ചയ്ക്കും അനുയോജ്യമായ ശക്തമായ അന്തരീക്ഷമാണ് മോദി സർക്കാർ ഒരുക്കുന്നതെന്ന് പ്രശംസിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും കഴിഞ്ഞ ദിവസം ലേഖനം എഴുതിയിരുന്നു.