
ദില്ലി : ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ നാഴികക്കല്ല് കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദം വഹിക്കുന്ന വ്യക്തിയെന്ന റെക്കോർഡാണ് നരേന്ദ്ര മോദി സ്വന്തമാക്കിയത്.
പ്രധാനമന്ത്രി സ്ഥാനത്ത് തുടർച്ചയായി 4397 ദിവസങ്ങൾ (12 വർഷവും 14 ദിവസവും) ഇന്ന് പൂർത്തിയാക്കുന്നതോടെ മോദി സർക്കാർ ഭരണത്തിന്റെ പതിമൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡാണ് നരേന്ദ്ര മോദി മറികടന്നത്. 1952 മേയ് 13 മുതൽ 1964 മേയ് 27 വരെയായിരുന്നു നെഹ്റുവിന്റെ ഭരണകാലയളവ്.
1947 മുതൽ 1952 വരെ നെഹ്റു പ്രധാനമന്ത്രി പദവി വഹിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പിലൂടെ ആയിരുന്നില്ല. ഇന്ദിരാഗാന്ധിയുടെ ഏറ്റവും ദൈർഘ്യമേറിയ തടസ്സമില്ലാത്ത ഭരണകാലയളവിനെയും നരേന്ദ്ര മോദി നേരത്തെ മറികടന്നിരുന്നു. 1966 ജനുവരി 24 മുതൽ 1977 മാർച്ച് 24 വരെ 4077 ദിവസങ്ങളാണ് ഇന്ദിരാഗാന്ധി ഭരിച്ചത്. 2025 ജൂലൈ 25ഓടെ മോദി ഈ റെക്കോർഡ് ഭേദിച്ചിരുന്നു.