Banner Ads

ഫിലിപ്പീൻസിൽ വൻ ഭൂകമ്പം: റിക്ടർ സ്കെയിലിൽ 8.1 തീവ്രത; വ്യാപക നാശനഷ്ടം, സുനാമി മുന്നറിയിപ്പ്

മനില: ഫിലിപ്പീൻസിൽ റിക്ടർ സ്കെയിലിൽ 8.1 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു. ഭൂചലനത്തിന് പിന്നാലെ അധികൃതർ തീരദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ദുരന്തസാധ്യതയുള്ള മേഖലകളിൽ നിന്ന് ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു വരികയാണെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.മിന്ദനാവോ പ്രഭവകേന്ദ്രം; കെട്ടിടങ്ങൾ തകർന്നുവീണു.ഫിലിപ്പീൻസിന്റെ തെക്കൻ ദ്വീപായ മിന്ദനാവോയ്ക്ക് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

പ്രധാന ഭൂചലനത്തിന് മണിക്കൂറുകൾക്ക് ശേഷം ഇതേ പ്രദേശത്ത് 6.1 തീവ്രതയുള്ള ശക്തമായ തുടർചലനവും രേഖപ്പെടുത്തി. ഭൂമി ശക്തമായി കുലുങ്ങുന്നതിനിടെ കെട്ടിടങ്ങൾ തകർന്നുവീഴുന്നതിന്റെ ഭീതിജനകമായ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരു സ്കൂൾ കെട്ടിടത്തിന്റെ ഭാഗങ്ങൾ തകരുമ്പോൾ മുൻകരുതലിന്റെ ഭാഗമായി വിദ്യാർത്ഥികൾ തുറസ്സായ മൈതാനത്തേക്ക് ഓടിമാറുന്ന ദൃശ്യങ്ങളും ഇതിൽ ഉൾപ്പെടുന്നു.

പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം ഫിലിപ്പീൻസ് തീരങ്ങളിൽ മൂന്ന് മീറ്റർ വരെ ഉയരമുള്ള സുനാമി തിരമാലകൾ അടിച്ചേക്കാൻ സാധ്യതയുണ്ട്. കൂടാതെ അയൽരാജ്യങ്ങളായ ഇന്തോനേഷ്യ, മലേഷ്യ എന്നിവടങ്ങളിലെ തീരപ്രദേശങ്ങളിലും ഒരു മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.നാശനഷ്ടങ്ങൾ: നിലവിലെ വിവരമനുസരിച്ച് ഒരാൾ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

മുൻകരുതലുകൾ തീരമേഖലകളിൽ നിന്ന് ആളുകളെ കൂട്ടത്തോടെ ഒഴിപ്പിച്ചു. ആശുപത്രികളിലെ രോഗികളെയും സ്കൂളുകളിലെ വിദ്യാർത്ഥികളെയും സുരക്ഷിത താവളങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.കൂടുതൽ നാശനഷ്ടങ്ങൾക്കും ശക്തമായ സുനാമി തിരമാലകൾക്കും സാധ്യതയുള്ളതിനാൽ രാജ്യം അതീവ ജാഗ്രതയിലാണ്.