
തിരുവനന്തപുരം : സംസ്ഥാനത്തെ എംബിബിഎസ് വിദ്യാർത്ഥികളിൽ നിന്ന് മെഡിക്കൽ കോളേജുകൾ ഈടാക്കിയ ആറ് മാസത്തെ അധിക ഫീസ് തിരികെ നൽകാൻ നാഷണൽ മെഡിക്കൽ കമ്മീഷന്റെ കർശന നിർദേശം. ഇത് സംബന്ധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് കമ്മീഷൻ നിർദേശം നൽകി.
നാലര വർഷത്തെ കോഴ്സ് കാലാവധിക്ക് അഞ്ച് വർഷത്തെ ഫീസ് ഈടാക്കുന്ന കോളേജുകളുടെ നടപടിക്കെതിരെയാണ് കമ്മീഷന്റെ ഇടപെടൽ. അധികമായി വാങ്ങിയ തുക വിദ്യാർത്ഥികൾക്ക് തിരികെ നൽകാൻ കോളേജുകൾക്ക് നിർദേശം നൽകണമെന്ന് ഡിഎംഇയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എംബിബിഎസ് കോഴ്സുകൾക്ക് നാലര വർഷത്തെ ഫീസ് മാത്രമേ ഈടാക്കാവൂ എന്ന് നാഷണൽ മെഡിക്കൽ കമ്മീഷൻ നേരത്തെ സർക്കുലർ ഇറക്കിയിരുന്നു.
ഇത് മറികടന്ന് സംസ്ഥാനത്തെ വിവിധ കോളേജുകൾ വിദ്യാർത്ഥികളിൽ നിന്ന് അഞ്ച് വർഷത്തെ ഫീസ് തികച്ചു വാങ്ങി. ഇതിനെതിരെ ഉയർന്ന പരാതികളിലാണ് നടപടി. ഒരു വിദ്യാർത്ഥിയിൽ നിന്ന് 3.5 ലക്ഷം രൂപ മുതൽ 6 ലക്ഷം രൂപ വരെയാണ് ആറ് മാസത്തെ അധിക ഫീസായി മാനേജ്മെന്റുകൾ ഈടാക്കിയിരുന്നത്.