
ഇടുക്കി: സൂര്യനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു. സൂര്യനെല്ലി തിരുവള്ളൂവർ ഉന്നതി സ്വദേശി മാരി (37) ആണ് മരിച്ചത്. അമ്മയ്ക്കൊപ്പമുണ്ടായിരുന്ന പതിനൊന്നുകാരനായ മകന് ആക്രമണത്തിൽ പരിക്കേറ്റു. കുട്ടിയെ ഉടൻ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ സിങ്ക് കണ്ടത്തിന് സമീപമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
മകനെ സ്കൂളിൽ വിടാനായി പോകുന്നതിനിടയിൽ മാരിയും കുട്ടിയും കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. പ്രദേശത്ത് കനത്ത മൂടൽമഞ്ഞ് ഉണ്ടായിരുന്നതിനാൽ തൊട്ടുമുന്നിൽ ആന നിൽക്കുന്നത് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. അബദ്ധത്തിൽ ആനയുടെ മുന്നിലേക്ക് ചെന്ന് പെട്ടതാണ് ദുരന്തത്തിന് കാരണമായത്. പ്രദേശത്ത് രണ്ട് കാട്ടാനകൾ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.വന്യജീവി ആക്രമണം പതിവായതോടെ സംഭവസ്ഥലത്ത് നാട്ടുകാർ വലിയ രീതിയിലുള്ള പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും കൃത്യമായ സുരക്ഷാ നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പ്രധാന പരാതി.