
കാസർകോട്/വയനാട്: സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ കാസർകോട്, വയനാട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂൺ 6) ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്കുള്ള സാധ്യത (റെഡ് അലർട്ട്) പ്രവചിക്കപ്പെട്ട സാഹചര്യത്തിലാണ് നടപടി.
സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം അവധി ബാധകമായിരിക്കും. എന്നാൽ, വയനാട് ജില്ലയിലെ റസിഡൻഷ്യൽ സ്കൂളുകൾക്ക് ഈ അവധി ബാധകമല്ല.ജൂൺ 6, 7 തീയതികളിൽ മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ പാടില്ല.പ്രദേശത്തെ റിസോർട്ടുകൾ, ഹോംസ്റ്റേകൾ, സർവീസ് വില്ലകൾ എന്നിവ പ്രവർത്തിപ്പിക്കരുതെന്നും ജില്ലാ ഭരണകൂടം കർശന നിർദേശം നൽകി.
റെഡ് അലർട്ടിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു.
എല്ലാ വകുപ്പുകളിലെയും ജില്ലാ മേധാവികളോട് ജില്ലയിൽത്തന്നെ തുടരാൻ നിർദ്ദേശിച്ചിട്ടുണ്ട്. കൽപ്പറ്റ മുൻസിപ്പാലിറ്റിയിൽ കൺട്രോൾ റൂമും തുറന്നു.സംസ്ഥാനത്തുടനീളം കാലവർഷം കനത്ത നാശനഷ്ടമാണ് വിതയ്ക്കുന്നത്.തൃശ്ശൂരിൽ ദുരന്തം: തൃശ്ശൂരിൽ റോഡിലേക്ക് മരം വീണ് സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു. കാഞ്ഞങ്ങാട് യുബിഎംസി സ്കൂളിന്റെ ചുറ്റുമതിൽ ശക്തമായ മഴയിൽ ഇടിഞ്ഞുവീണു.കൊച്ചിയിലും കോഴിക്കോടും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ആലപ്പുഴ ബൈപ്പാസിനോട് ചേർന്നുള്ള വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പ്രകോപിതരായ നാട്ടുകാർ ദേശീയപാത ഉപരോധിച്ച് പ്രതിഷേധിച്ചു.