Banner Ads

മഴ കടുത്തു, വയനാട് അതീവ ജാഗ്രതയിൽ; മേപ്പാടിയിൽ ടൂറിസം കേന്ദ്രങ്ങളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ : സംസ്ഥാനത്ത് കാലവർഷം കനത്ത നാശം വിതയ്ക്കുന്നു. വയനാട് ജില്ലയിൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്നതിനാൽ മേപ്പാടിയിൽ കർശന നിയന്ത്രണമേർപ്പെടുത്തി.

ജൂൺ 6, 7 തീയതികളിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കരുതെന്നും മേപ്പാടി പരിധിയിലെ ടൂറിസം കേന്ദ്രങ്ങൾക്ക് സമ്പൂർണ്ണ നിരോധനവും ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്തെ റിസോർട്ടുകൾ, ഹോംസ്റ്റേകൾ, സർവീസ് വില്ലകൾ എന്നിവയുടെ പ്രവർത്തനവും താൽക്കാലികമായി നിർത്തിവെയ്ക്കാൻ കളക്ടർ ഉത്തരവിട്ടു.

എല്ലാ വകുപ്പുകളിലെയും ജില്ലാ മേധാവിമാരോട് ആസ്ഥാനം വിട്ടുപോകരുതെന്നും ജില്ലയിൽത്തന്നെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും നിർദ്ദേശം നൽകി. അടിയന്തര സഹായങ്ങൾക്കായി കൽപ്പറ്റ മുൻസിപ്പാലിറ്റിയിൽ പ്രത്യേക കൺട്രോൾ റൂം തുറന്നു.

റെഡ് അലർട്ടിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. തൃശ്ശൂരിൽ മരം വീണ് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാഞ്ഞങ്ങാട് യുബിഎംസി സ്കൂളിന്റെ ചുറ്റുമതിൽ കനത്ത മഴയിൽ ഇടിഞ്ഞുവീണു. നഗരങ്ങളിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി.

ആലപ്പുഴ ബൈപ്പാസിനോട് ചേർന്നുള്ള വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാർ ദേശീയപാത ഉപരോധിച്ചു. നാളെ വടക്കൻ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മലയോര മേഖലകളിലേക്കുള്ള രാത്രിയാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്നും ജലാശയങ്ങൾക്ക് സമീപം താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.