Banner Ads

വ്യാപാരികൾ പൂട്ടിപ്പൂട്ടിച്ച തമിഴ്‌നാട് സ്വദേശിയുടെ കട രാത്രിയോടെ ഒത്തുചേർന്ന് തുറപ്പിച്ച് നാദാപുരത്തുകാർ; മാതൃകയായി നാട്ടുകാർ

നാദാപുരം: നാദാപുരത്ത് വ്യാപാരികൾ നിർബന്ധപൂർവ്വം അടപ്പിച്ചു പൂട്ടിയ തമിഴ്‌നാട് സ്വദേശിയുടെ കട നാട്ടുകാർ ഒത്തുചേർന്ന് തുറപ്പിച്ചു. ഇതരസംസ്ഥാന വ്യാപാരിക്ക് നേരെ നടന്ന ഏകപക്ഷീയമായ നീക്കത്തിനെതിരെ ശക്തമായ പ്രതിരോധവുമായാണ് നാട്ടുകാർ നേരിട്ട് രംഗത്തിറങ്ങിയത്. നാദാപുരത്ത് പ്ലാസ്റ്റിക് സാധനങ്ങൾ വില്പന നടത്തുന്ന കേന്ദ്രത്തിന് നേരെയായിരുന്നു പകൽ സമയത്ത് വ്യാപാരികളുടെ ഭാഗത്തുനിന്നും നടപടിയുണ്ടായത്.

എന്നാൽ, വിവരമറിഞ്ഞ് തമിഴ്‌നാട് സ്വദേശിക്ക് പൂർണ്ണ പിന്തുണയുമായി നാട്ടുകാർ ഒന്നടങ്കം രംഗത്തെത്തുകയായിരുന്നു. വ്യാപാരികൾ പകൽ പൂട്ടിച്ച കട, രാത്രിയോടെ നാട്ടുകാർ മുൻകൈയെടുത്ത് പരസ്യമായിത്തന്നെ തുറപ്പിച്ചു. അന്യസംസ്ഥാനത്ത് നിന്നെത്തി ഉപജീവനമാർഗ്ഗം കണ്ടെത്തുന്ന വ്യാപാരിക്ക് ആവശ്യമായ എല്ലാവിധ സംരക്ഷണവും തങ്ങൾ നൽകുമെന്നും നാട്ടുകാർ പ്രഖ്യാപിച്ചു. നാട്ടുകാരുടെ ഈ പെട്ടെന്നുള്ള ഇടപെടൽ സോഷ്യൽ മീഡിയയിലടക്കം വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.

‘നാദാപുരത്തിന്റെ യഥാർത്ഥ മുഖം ഇതാണ്’; സോഷ്യൽ മീഡിയയിൽ പ്രശംസ
കട അടപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ കണ്ട് ആശങ്കപ്പെട്ട നിരവധി നാദാപുരത്തുകാരാണ് നാട്ടുകാരുടെ ഈ മനുഷ്യത്വപരമായ ഇടപെടലിന് ശേഷം സമൂഹമാധ്യമങ്ങളിൽ കുറിപ്പുകളുമായി രംഗത്തെത്തിയത്.”നാദാപുരം മറ്റൊരു രീതിയിലേക്ക് മാറുമോ എന്ന് ആദ്യത്തെ ദൃശ്യങ്ങൾ കണ്ടപ്പോൾ ഭയന്നിരുന്നു. എന്നാൽ മനസ്സിന് ഏറെ സന്തോഷം തരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

നാദാപുരത്തുള്ള ഞാനുൾപ്പെടെ ലക്ഷക്കണക്കിന് പ്രവാസികളെപ്പോലെ തന്നെ, ജന്മനാട്ടിൽ നിന്നും വന്ന് ഇവിടെ ഒരു ചെറിയ കച്ചവടം തുടങ്ങിയതാണ് ആ പാവം മനുഷ്യൻ. ചിലർ വന്ന് അദ്ദേഹത്തെ തടയാൻ ശ്രമിച്ചപ്പോൾ ആ നിസ്സഹായാവസ്ഥ കണ്ട് വല്ലാണ്ട് വിഷമം തോന്നിയിരുന്നു. ഇപ്പോൾ വലിയ സന്തോഷം തോന്നുന്നു.” – ഒരു പ്രവാസി കുറിച്ചു.നാട്ടുകാരുടെ ഭാഗത്തുനിന്നും ഇത്രയും വലിയ പ്രതികരണമുണ്ടായിട്ടും സംഭവത്തിൽ വ്യാപാരികളുടെ സംഘടനകളോ നേതാക്കളോ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.