
തിരുപ്പതി : തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിൽ റെക്കോർഡ് കുതിപ്പുമായി ലഡ്ഡു വിൽപന. മെയ് മാസത്തിൽ മാത്രം 1.2 കോടിയിലധികം ലഡ്ഡു വിറ്റഴിച്ചതായി ക്ഷേത്ര ഭരണസമിതിയായ തിരുമല തിരുപ്പതി ദേവസ്ഥാനം അറിയിച്ചു. ക്ഷേത്ര ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസ വിൽപനയാണിത്.
കഴിഞ്ഞ വർഷം മെയ് മാസം 1.1 കോടി ലഡ്ഡുവും 2024 മെയ് മാസം 1.01 കോടി ലഡ്ഡുവുമാണ് വിറ്റുപോയിരുന്നത്. ഇക്കഴിഞ്ഞ മെയ് മാസം 1,21,35,528 ലഡ്ഡുവാണ് വിറ്റുപോയത്. ലഡ്ഡുവിന്റെ ആവശ്യകത വർഷം തോറും വൻതോതിൽ വർദ്ധിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. ക്ഷേത്രത്തിലെ ലഡ്ഡു നിർമ്മാണം വിപുലീകരിച്ചിട്ടുണ്ട്.
പ്രതിദിനം നാല് ലക്ഷത്തിലധികം ലഡ്ഡുവാണ് തയാറാക്കുന്നത്. ഇതിനായി ഒരു ദിവസം ആവശ്യമായി വരുന്നത് 68 ടൺ സാമഗ്രികളാണ്. ഇതിൽ 32 ടൺ പഞ്ചസാര, 16 ടൺ കടലമാവ്, 16 ടൺ നെയ്യ്, 3.5 ടൺ കശുവണ്ടി, രണ്ട് ടൺ ഉണക്കമുന്തിരി, 400 കിലോഗ്രാം ഏലക്ക, 800 കിലോഗ്രാം കൽക്കണ്ടം എന്നിവയാണ് ഉൾപ്പെടുന്നത്. ഒരു ലഡ്ഡു തയ്യാറാക്കാൻ മൊത്തം 170 ഗ്രാം ചേരുവകളാണ് ഉപയോഗിക്കുന്നത്.
ഇതിൽ 78 ഗ്രാം പഞ്ചസാര, 39 ഗ്രാം പരിപ്പ്, 36 ഗ്രാം നെയ്യ്, 7 ഗ്രാം കശുവണ്ടി, 3 ഗ്രാം ഉണക്കമുന്തിരി എന്നിവ കൃത്യമായ അളവിൽ അടങ്ങിയിരിക്കുന്നു. ഭക്തർക്ക് തിരക്കില്ലാതെ പ്രസാദം വാങ്ങുന്നതിനായി തിരുമലയിൽ മാത്രം 56 ലഡ്ഡു വിതരണ കൗണ്ടറുകളാണ് സജ്ജമാക്കിയിരിക്കുന്നത്.