
ബഹ്റൈൻ : ബഹ്റൈൻ വിമാനത്താവളം അടച്ചതിനെത്തുടർന്ന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ബഹ്റൈനിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി. 122 യാത്രക്കാരുമായി പുറപ്പെടാൻ തയ്യാറെടുത്ത വിമാനമാണ് റദ്ദാക്കിയത്. ബഹ്റൈനിലെ ജനവാസ മേഖലകളെയും സിവിലിയൻ സുപ്രധാന കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ വീണ്ടും വ്യോമാക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് വിമാനത്താവളം അടക്കാൻ അധികൃതർ തീരുമാനിച്ചത്.
ബുധനാഴ്ച പുലർച്ചെ 2.30ഓടെയാണ് ബഹ്റൈനിൽ രാജ്യവ്യാപകമായി അപായ സൈറണുകൾ മുഴങ്ങിയത്. പിന്നാലെ തുടരെ ആക്രമണമുണ്ടായി. രാജ്യത്തെ പ്രധാന കേന്ദ്രങ്ങൾക്ക് നേരെയും യു എസ് സൈനിക താവളം ലക്ഷ്യമിട്ടും എത്തിയ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും നിരവധി ഡ്രോണുകളും ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് ആകാശത്തുവെച്ച് തന്നെ വിജയകരമായി വെടിവെച്ചിട്ടു. വ്യോമ പ്രതിരോധ സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിച്ചതിനാൽ രാജ്യത്ത് എവിടെയും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ജനവാസ മേഖലകളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന് ബഹ്റൈൻ പ്രതിരോധ സേന വ്യക്തമാക്കി. ബഹ്റൈന് പുറമെ അയൽരാജ്യമായ കുവൈത്തിലും ഇന്ന് പുലർച്ചെ ഇറാൻ ആക്രമണം നടത്തി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെയുള്ള സുപ്രധാന സിവിലിയൻ കേന്ദ്രങ്ങളാണ് അവിടെ ലക്ഷ്യമാക്കപ്പെട്ടത്.
വിമാനത്താവളത്തിന് നേരെയുണ്ടായ മിസൈൽ വർഷത്തിൽ കുവൈത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിൽ കുവൈത്ത് എയർപോർട്ടിലെ ടി1 യാത്രാ ടെർമിനലിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.