
തിരുവനന്തപുരം : നെടുമങ്ങാട് ഒന്നര വയസ്സുകാരനായ അർഷിദ് മോന്റെ കൊലപാതകത്തിൽ കേരളക്കര ഒന്നടങ്കം നടുങ്ങിനിൽക്കുമ്പോൾ, സംഭവത്തിൽ കടുത്ത വേദനയും ആശങ്കയും രേഖപ്പെടുത്തി ഗായിക കെ എസ് ചിത്ര. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുഞ്ഞിന്റെ ശരീരത്തിൽ 91 മുറിവുകൾ കണ്ടെത്തിയെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നതോടെ പ്രതികൾക്ക് തക്കതായ ശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അമ്മമാരുൾപ്പെടെ വലിയൊരു ജനസമൂഹം രംഗത്തെത്തിയിട്ടുണ്ട്.
സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു ചിത്രയുടെ പ്രതികരണം. കേവലം ഒന്നര വയസ്സു മാത്രം പ്രായമുള്ള അർഷിദ് മോന്റെ വിയോഗ വാർത്ത ഉള്ളുലയ്ക്കുന്നു. മനസ്സ് അസ്വസ്ഥമാക്കുന്നു. ഭയം തോന്നുന്നു. ഇത്തരം ക്രൂര സംഭവങ്ങൾ ഇനിയുണ്ടാവാതിരിക്കട്ടെ. മനുഷ്യസമൂഹം സ്വയം നവീകരിക്കപ്പെടട്ടെ. പ്രാർത്ഥനകൾ മാത്രം! എന്നായിരുന്നു കെഎസ് ചിത്രയുടെ വാക്കുകൾ. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. ഓർക്കുംതോറും ചങ്ക് പിടയുന്നു.
കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്ന ക്രൂരന്മാർ സമൂഹത്തിലുണ്ടെങ്കിൽ ജനകീയ കോടതി അവർക്കുള്ള ശിക്ഷ നടപ്പാക്കണം. എല്ലാവരും ജാഗരൂകരാവുക എന്ന് ഒരാൾ കമന്റിൽ കുറിച്ചത്. എന്താണ് സംഭവിക്കുന്നത് എന്ന് പോലും മനസ്സിലാക്കാൻ പ്രായമാകാത്ത ഒരു പിഞ്ചുകുഞ്ഞിനോടാണ് ഈ ക്രൂരത ചെയ്തത്. കരയാൻ മാത്രമല്ലേ ആ കുഞ്ഞിന് അറിയൂ. ആ മുഖം മനസ്സിൽ നിന്ന് മായുന്നില്ല. മനുഷ്യത്വം എന്ന വാക്കിന്റെ അർത്ഥം ഇവരൊക്കെ മറന്നുപോയിരിക്കുന്നു എന്ന് മറ്റൊരു അമ്മയും വേദനയോടെ കുറിച്ചു.