
ന്യൂഡൽഹി : ലക്ഷക്കണക്കിന് വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഭാവി ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട എട്ടാം ശമ്പള കമ്മീഷൻ നടപടികളിൽ നിർണ്ണായക തീരുമാനം. കമ്മീഷന് മുന്നിൽ നിർദ്ദേശങ്ങളും ആവശ്യങ്ങളും സമർപ്പിക്കാനുള്ള സമയപരിധി കേന്ദ്ര സർക്കാർ വീണ്ടും നീട്ടിനൽകി.
വിവിധ കേന്ദ്ര സർക്കാർ ജീവനക്കാരുടെ സംഘടനകൾക്കും പെൻഷൻ യൂണിയനുകൾക്കും തങ്ങളുടെ ആവശ്യങ്ങൾ കൂടുതൽ വ്യക്തതയോടെയും കൃത്യതയോടെയും കമ്മീഷന് മുന്നിൽ അവതരിപ്പിക്കാൻ അവസരമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
രണ്ടാം തവണയാണ് നിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള സമയപരിധി നീട്ടിനൽകുന്നത്. അടിസ്ഥാന ശമ്പള വർധനവ്, അലവൻസുകൾ, പെൻഷൻ ആനുകൂല്യങ്ങൾ തുടങ്ങിയവയിൽ ജീവനക്കാരുടെ ആവശ്യങ്ങൾ പൂർണ്ണമായി ക്രോഡീകരിച്ച് സമർപ്പിക്കാൻ ഈ നീട്ടിനൽകിയ കാലാവധി സഹായകരമാകും.