
ഒറ്റപ്പാലം: പാലക്കാട് വാണിയംകുളത്ത് അമ്മയ്ക്കൊപ്പം നടന്നുപോകുകയായിരുന്ന ഒന്നര വയസ്സുകാരന് തെരുവുനായയുടെ ക്രൂരമായ കടിയേറ്റു. വാണിയംകുളം ഉണ്ടിയിൽപടി സ്വദേശികളായ രോഹിണി-ഷനൂജ് ദമ്പതികളുടെ മകൻ ഇഷാനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം.
വാണിയംകുളത്തെ ആയുർവേദ കടയിൽ മരുന്ന് വാങ്ങാൻ എത്തിയതായിരുന്നു അമ്മയും കുട്ടിയും. മരുന്ന് വാങ്ങി തിരികെ അമ്മയുടെ കൈയും പിടിച്ച് ഫൂട്പാത്തിലൂടെ നടന്നുപോകുമ്പോഴാണ് സമീപത്ത് കിടന്നിരുന്ന തെരുവുനായ കുട്ടിയെ പിറകിലൂടെ വന്ന് അപ്രതീക്ഷിതമായി ആക്രമിച്ചത്.
കുട്ടിയെ നായ പെട്ടെന്ന് കടിച്ചുപിടിക്കുന്നതും ഒപ്പമുണ്ടായിരുന്ന അമ്മയും നാട്ടുകാരും ചേർന്ന് ഓടിക്കുന്നതുമായ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.ഇടുപ്പിന് താഴെ കടിയേറ്റ് പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിക്കാവശ്യമായ പ്രതിരോധ കുത്തിവെയ്പ്പുകൾ ഉൾപ്പെടെയുള്ള ചികിത്സകൾ നൽകിയതായി ആശുപത്രി അധികൃതർ അറിയിച്ചു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.