
തിരുവനന്തപുരം: തലസ്ഥാനത്തെ നാലാഞ്ചിറയിൽ കുടുംബവഴക്കിനെത്തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. നാലാഞ്ചിറ ഉദിയന്നൂർ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഹസീനയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് ശേഷം ഭർത്താവ് സുരേഷ് കാറിൽ രക്ഷപ്പെട്ടു. ഇന്ന് (ബുധനാഴ്ച) പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ സംഭവം.കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പുലർച്ചെ ഇരുവരും തമ്മിൽ വീണ്ടും തർക്കമുണ്ടാകുകയും, പ്രകോപിതനായ സുരേഷ് ഹസീനയെ കുത്തുകയുമായിരുന്നു. മാതാപിതാക്കൾ തമ്മിലുള്ള വഴക്കും ആക്രമണവും കണ്ട മകളാണ് വിവരം ഉടൻ തന്നെ പൊലീസിനെ അറിയിച്ചത്. ഗുരുതരമായി പരിക്കേറ്റ ഹസീനയെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കഴിഞ്ഞ മെയ് 30-ന് ഹസീനയെ വീട്ടിൽ നിന്നും കാണാതായിരുന്നു. ഇതിന് പിന്നാലെ സുരേഷ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു.
തുടർന്ന് മണ്ണന്തല പൊലീസ് ഇടപെട്ടാണ് ഹസീനയെ കണ്ടെത്തി തിരികെ വീട്ടിലെത്തിച്ചത്.തുടർന്നുണ്ടായ തർക്കങ്ങളെ പരിഹരിക്കാൻ കഴിഞ്ഞ തിങ്കളാഴ്ച ഇരുവരെയും മണ്ണന്തല പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ചു സംസാരിച്ചിരുന്നു. എന്നാൽ വീട്ടിൽ തിരിച്ചെത്തിയ ശേഷവും ഇവർക്കിടയിൽ തർക്കം തുടരുകയായിരുന്നുവെന്നാണ് വിവരം. ഒളിവിൽ പോയ പ്രതി സുരേഷിനായി മണ്ണന്തല പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.