Banner Ads

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; വ്യാപക നാശനഷ്ടം, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: ഗൾഫ് മേഖലയെ യുദ്ധഭീതിയിലാഴ്ത്തി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്റെ വ്യോമാക്രമണം. ആക്രമണത്തിൽ വിമാനത്താവളത്തിലെ ടി1 (T1) യാത്രാ ടെർമിനലിന് കടുത്ത കേടുപാടുകൾ സംഭവിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.ആക്രമണത്തെ തുടർന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള മുഴുവൻ വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചു.

റൺവേയിലുണ്ടായിരുന്ന വിമാനങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് അടിയന്തരമായി മാറ്റിയിട്ടുണ്ട്.പ്രതിരോധ മന്ത്രാലയ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബിയാണ് വാർത്താക്കുറിപ്പിലൂടെ ആക്രമണ വിവരം പുറത്തുവിട്ടത്.ടെർമിനലിന് തകരാർ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ജൂൺ 1-ന് മാത്രം പ്രവർത്തനം പുനരാരംഭിച്ച ടി1 ടെർമിനലിനാണ് ആക്രമണത്തിൽ കാര്യമായ നാശനഷ്ടമുണ്ടായത്.

പരിക്കുകൾ പരിക്കേറ്റ യാത്രക്കാർക്കും ജീവനക്കാർക്കും വിമാനത്താവളത്തിൽ വെച്ചുതന്നെ അടിയന്തര വൈദ്യസഹായവും തുടർചികിത്സയും ലഭ്യമാക്കി.കുവൈത്ത് സായുധ സേന അതീവ ജാഗ്രതയിൽ രാജ്യത്തെ സാഹചര്യങ്ങൾ സായുധ സേനയും ബന്ധപ്പെട്ട സുരക്ഷാ അധികാരികളും സംയുക്തമായി നിരീക്ഷിച്ചുവരികയാണെന്ന് വക്താവ് അറിയിച്ചു. ഏത് അടിയന്തര സാഹചര്യവും നേരിടാൻ സേന പൂർണ്ണ സജ്ജമാണെന്നും രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആക്രമണത്തിന് പിന്നിൽ യുഎസ് – ഇറാൻ സൈനിക തർക്കംഹോർമുസ് കടലിടുക്കിലെ ഇറാന്റെ ‘ക്വിഷം’ (Qeshm) ദ്വീപിന് നേരെ അമേരിക്കൻ സൈന്യം നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഗൾഫ് മേഖലയിൽ യുദ്ധസമാനമായ സാഹചര്യം ഉടലെടുത്തത്. ക്വിഷം ദ്വീപിലെ തങ്ങളുടെ മിലിട്ടറി ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷൻ തകർത്തതിന് പ്രതികാരമായാണ് കുവൈത്തിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) സ്ഥിരീകരിച്ചു.

വൻതോതിൽ ബാലിസ്റ്റിക് മിസൈലുകളും ആത്മഹത്യാ ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ഇറാന്റെ പ്രത്യാക്രമണം. ‘അമേരിക്കൻ ഭീകരസേനയുടെ കടുത്ത അഹങ്കാരത്തിനുള്ള മറുപടി’ എന്നാണ് ഇറാൻ മാധ്യമങ്ങൾ ഇതിനെ വിശേഷിപ്പിച്ചത്. യുഎസ് താവളങ്ങൾക്ക് നേരെയുള്ള ആക്രമണ പരിധിയിലാണ് കുവൈത്ത് വിമാനത്താവളത്തിലും മിസൈലുകൾ പതിച്ചത്. നിലവിൽ ഗൾഫ് മേഖലയിലാകെ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.