
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനക്കുന്നു. ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മധ്യകേരളത്തിൽ മഴ ശക്തമാകുമെന്ന പ്രവചനത്തെ തുടർന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ എന്നീ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.ശേഷിക്കുന്ന 10 ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.
അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ താഴെ പറയുന്ന ജില്ലകളിൽ ഇടിമിന്നലോടുകൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു എറണാകുളം, തൃശൂർ,പാലക്കാട്, മലപ്പുറം,കോഴിക്കോട്, വയനാട് കണ്ണൂർ, കാസർഗോഡ് ,മറ്റ് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ ഇടിമിന്നലിനൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശിയേക്കാമെന്നും റിപ്പോർട്ടുണ്ട്. പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.