
ആലുവ: പെരിയാർ നദിയിലേക്ക് മലിനജലം ഒഴുക്കിവിട്ട ആലുവയിലെ ഫ്ലാറ്റ് സമുച്ചയത്തിന് നഗരസഭ 50,000 രൂപ പിഴ ചുമത്തി. ആലുവ ബാങ്ക് ജങ്ഷന് സമീപം പ്രവർത്തിക്കുന്ന ‘ശാന്തി ലോട്ടസ്’ ഫ്ലാറ്റിനെതിരെയാണ് നഗരസഭ അധികൃതർ കർശന നടപടി സ്വീകരിച്ചത്. നഗരസഭയ്ക്ക് ലഭിച്ച പരാതിയെത്തുടർന്ന് ആരോഗ്യ വിഭാഗം നടത്തിയ അടിയന്തര പരിശോധനയിലാണ് ഗുരുതരമായ ചട്ടലംഘനം കണ്ടെത്തിയത്.
ഫ്ലാറ്റിലെ മലിനജല സംഭരണിക്ക് (STP) ആവശ്യമായ വിസ്തൃതിയില്ലെന്ന് പരിശോധനയിൽ വ്യക്തമായി.ശേഷിക്കുറവ് മൂലം മലിനജലം പൂർണ്ണമായി സംസ്കരിക്കാൻ സാധിക്കുന്നില്ല.ഭാഗികമായി മാത്രം സംസ്കരിച്ച മലിനജലമാണ് ഫ്ലാറ്റ് അധികൃതർ പെരിയാറിലേക്ക് നേരിട്ട് ഒഴുക്കിവിട്ടിരുന്നത്.മലിനജലം ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് ആവശ്യമായ ആധുനിക സംവിധാനങ്ങൾ ഒരുക്കാൻ ഫ്ലാറ്റ് അധികൃതർക്ക് നഗരസഭ 14 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
പുതിയ സംവിധാനം സ്ഥാപിച്ച ശേഷം മലിനീകരണ നിയന്ത്രണ ബോർഡിന്റെ (PCB) സാക്ഷ്യപത്രവും അനുബന്ധ രേഖകളും നഗരസഭയിൽ ഹാജരാക്കണമെന്ന് നഗരസഭ സെക്രട്ടറി കർശന നിർദേശം നൽകി. വീഴ്ച വരുത്തിയാൽ തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.