Banner Ads

കിടപ്പുമുറിയിൽ അത്യാധുനിക കഞ്ചാവ് കൃഷി; തിരുവനന്തപുരത്ത് ഒന്നര ലക്ഷം ശമ്പളം വാങ്ങുന്ന ഐ ടി മാനേജർ അറസ്റ്റിൽ

തിരുവനന്തപുരം : ശ്രീകാര്യത്ത് ഫ്ലാറ്റിനുള്ളിൽ അത്യാധുനിക രീതിയിൽ കഞ്ചാവ് കൃഷി നടത്തിവന്ന ഐ ടി കമ്പനി മാനേജരെ ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാന സ്വദേശിയായ വിശാൽ (26) ആണ് പിടിയിലായത്. ടെക്നോപാർക്കിലെ പ്രമുഖ ഐ ടി കമ്പനിയിൽ പ്രതിമാസം ഒന്നര ലക്ഷത്തോളം രൂപ ശമ്പളത്തിൽ മാനേജരായി ജോലി ചെയ്യുകയാണ് ഇയാൾ.

ലഹരി വിരുദ്ധ വേട്ടയായ ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്. ഫ്ലാറ്റിൽ നിന്ന് മുപ്പത് സെന്റീമീറ്റർ വരെ ഉയരമുള്ള എഴുപതോളം കഞ്ചാവ് ചെടികൾ പൊലീസ് കണ്ടെടുത്തു.

പകൽ മുഴുവൻ ഐ ടി മാനേജരായി ജോലി ചെയ്യുന്ന വിശാൽ രാത്രിയിലാണ് ഫ്ലാറ്റിലെത്തി കഞ്ചാവ് തോട്ടത്തിന്റെ പരിപാലനം നടത്തിയിരുന്നത്. വിപണിയിൽ നിന്നും വാങ്ങിയ പ്രത്യേക ചെടിച്ചട്ടികളിലും മുട്ട സൂക്ഷിക്കുന്ന ട്രേകളിലുമായാണ് ജൈവവളം മാത്രം നൽകി ഇയാൾ കഞ്ചാവ് നട്ടുവളർത്തിയത്.

കഞ്ചാവ് വിറ്റ് പണമുണ്ടാക്കുക എന്ന ഉദ്ദേശ്യം ഇയാൾക്ക് ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. സ്വന്തം ആവശ്യത്തിനാണ് ഇയാൾ ഫ്ലാറ്റിൽ കഞ്ചാവ് തോട്ടമൊരുക്കിയത്. കഞ്ചാവ് ഇലകൾ അരച്ച് പാലിൽ ചേർത്ത് കുടിക്കാനും ചമ്മന്തി അരച്ച് കഴിക്കാനുമാണ് താൻ ഇത് വളർത്തിയതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. പ്രതിയെ കോടതിയിൽ ഹാജരാക്കി.