Banner Ads

കലയുടെ പെരുമയുമായി അടൂർ സർഗോത്സവം; ഉദ്ഘാടനം ചെയ്ത് ബ്ലസി, മധു ബാലകൃഷ്ണന് പുരസ്കാരം

അടൂർ : സാഹിത്യം, ചലച്ചിത്രം, അഭിനയം തുടങ്ങി കലാരംഗത്ത് അതുല്യ സംഭാവനകൾ നൽകിയ ഇ വി കൃഷ്ണപിള്ള ഉൾപ്പെടെയുള്ളവരുടെ അടൂർ ദേശം എപ്പോഴും കലയോട് ചേർന്നുനിൽക്കുന്ന മണ്ണാണെന്ന് സംവിധായകൻ ബ്ലസി. അടൂർ ഇ വി കലാമണ്ഡലം സർഗോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബ്ലസി. ഈശ്വരനോട് ഏറ്റവും ചേർന്നുനിൽക്കുന്നയാളാണ് കലാകാരൻ.

അതിനാൽ ഈശ്വരന്റെ വലിയ സാന്നിധ്യമുള്ള മണ്ണായിട്ടാണ് താൻ അടൂരിനെ കാണുന്നതെന്നും ബ്ലസി കൂട്ടിച്ചേർത്തു. ഒരു കലാകാരൻ അനുഭവിക്കുന്ന ആത്മസുഖം എന്നത് അയാളുടെ സൃഷ്ടി മറ്റുള്ളവരിലേക്ക് സന്നിവേശിക്കപ്പെടുമ്പോഴാണെന്നും ബ്ലസി പറഞ്ഞു. ചടങ്ങിൽ ഗായകൻ മധു ബാലകൃഷ്ണന് കലാരത്ന പുരസ്കാരം സമ്മാനിച്ചു. അഡ്വ സി വി ശാന്തകുമാർ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.

മാന്നാനം ബി വാസുദേവൻ, പഴകുളം ശിവദാസൻ, സൂര്യൻ മഠത്തിലേത്ത്, സ്വാതി വി ദേവൻ, എപി ജയൻ, കെ ജി വാസുദേവൻ, ടി ടി യേശുദാസ്, രൂപേഷ് അടൂർ, ദിൻരാജ് ഡി കുറുപ്പ്, കൊടുമൺ ഗോപാലകൃഷ്ണൻ തുടങ്ങിയ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. 150ലധികം കലാകാരന്മാർ പങ്കെടുത്ത നൃത്ത-സംഗീത മെഗാ ഷോയും കലൈക്കാവേരി കാവ്യ സൂര്യൻ അവതരിപ്പിച്ച നാരി ദേവോ ഭവ നൃത്തശില്പവും അരങ്ങേറി.