
കലൂർ: കൊച്ചി കലൂരിൽ റോഡിലൂടെ നടന്നുപോയ പെൺകുട്ടികൾക്ക് നേരെ ക്രൂരമായ ആക്രമണം. തങ്ങൾക്ക് നേരെ ഉണ്ടായ ലൈംഗികാതിക്ഷേപം (കമന്റടി) ചോദ്യം ചെയ്ത പെൺകുട്ടികളെ ഒരു സംഘം യുവാക്കൾ ചേർന്ന് മർദ്ദിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. അക്രമത്തിൽ പരിക്കേറ്റ പെൺകുട്ടിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
താമസസ്ഥലത്തിന് സമീപമുള്ള കടയിൽ നിന്നും സാധനങ്ങൾ വാങ്ങി മടങ്ങുകയായിരുന്ന പെൺകുട്ടികളെയാണ് റോഡരികിൽ നിന്ന സംഘം ലൈംഗിക ചുവയോടെ സംസാരിച്ച് ശല്യം ചെയ്തത്. ഇത് ചോദ്യം ചെയ്തതോടെ എട്ടോളം ആൺകുട്ടികളും രണ്ട് പെൺകുട്ടികളും അടങ്ങുന്ന സംഘം പെൺകുട്ടികളെ വളയുകയും ആക്രമിക്കുകയുമായിരുന്നു.പെൺകുട്ടികളുടെ മൊബൈൽ ഫോൺ നിലത്തെറിഞ്ഞ് തകർത്തു.ഫോൺ എടുക്കാൻ ശ്രമിച്ചപ്പോൾ മുടിക്ക് കുത്തിപ്പിടിച്ച് നിലത്തെറിയാൻ ശ്രമിച്ചു.വസ്ത്രങ്ങൾ വലിച്ചുകീറാൻ ശ്രമിക്കുകയും നെഞ്ചിൽ ചവിട്ടുകയും ചെയ്തു.കഴുത്തിന് പരിക്കേറ്റ പെൺകുട്ടി നിലവിൽ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇവരുടെ ആരോഗ്യനില ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു.താമസിക്കുന്ന ഹോസ്റ്റലിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടികളെ അക്രമി സംഘം പിന്തുടരുകയും ചെയ്തു. നിരവധി ഹോസ്റ്റലുകളും പിജികളും പ്രവർത്തിക്കുന്ന അതീവ സുരക്ഷിതമെന്ന് കരുതപ്പെടുന്ന മേഖലയിലാണ് ഈ അതിക്രമം നടന്നത്.”എന്തിനാണ് ഈ സമയത്ത് പുറത്തിറങ്ങിയത്?” പൊലീസിനെതിരെ പെൺകുട്ടികൾ,സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസിന്റെ ഭാഗത്തുനിന്നും കടുത്ത മാനസിക പീഡനമുണ്ടായതായി പെൺകുട്ടികൾ ആരോപിക്കുന്നു.”ഈ സമയത്ത് എന്തിനാണ് പുറത്തിറങ്ങിയത്?”, “നിങ്ങൾ ധരിച്ച വസ്ത്രത്തിന്റെ പ്രശ്നമാണ്” എന്നിങ്ങനെയാണ് അന്വേഷിക്കാനെത്തിയ പൊലീസുകാർ തങ്ങളോട് ചോദിച്ചതെന്ന് പെൺകുട്ടികൾ പറഞ്ഞു.
അക്രമികൾക്ക് ഒത്താശ ചെയ്യുന്ന രീതിയിലാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണമെന്ന് ആക്ഷേപമുണ്ട്.സംഭവത്തിൽ എറണാകുളം നോർത്ത് പൊലീസ് ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമം നടന്ന പ്രദേശത്തെ സിസിടിവി (CCTV) ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. പെൺകുട്ടികൾ ബഹളം വെച്ചതിനെ തുടർന്ന് അക്രമി സംഘം ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ ഉടൻ തന്നെ പിടികൂടാൻ കഴിയുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.