Banner Ads

ഭക്തർക്ക് സുഖദർശനം; ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്താൻ ദേവസ്വം

തൃശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് മണിക്കൂറുകളോളം വരി നിൽക്കാതെ സുഖദർശനം സാധ്യമാക്കുന്നതിനായി വെർച്വൽ ക്യൂ സംവിധാനം വരുന്നു. ഭക്തർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കണമെന്ന ഹൈക്കോടതി നിർദ്ദേശം പാലിച്ചാണ് പുതിയ നടപടിയെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ എവി ഗോപിനാഥ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ദർശനം കൂടുതൽ സുഗമമാക്കാൻ ദേവസ്വം ആവിഷ്കരിച്ച മുഖം തിരിച്ചറിയുന്ന ഫേസ് ആപ്പ് സംവിധാനവും ഉടൻ നടപ്പിലാക്കും. വെർച്വൽ ക്യൂവിലേക്കുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കുമെങ്കിലും എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന തീയതി ദേവസ്വം ചെയർമാൻ വ്യക്തമാക്കിയിട്ടില്ല. അപേക്ഷിച്ച ഏജന്‍സികളില്‍ നിന്ന് മികച്ച ഏജന്‍സിക്ക് നടപ്പിലാക്കാനുള്ള ചുമതല കൈമാറും.

ക്ഷേത്രത്തിൽ സ്ഥിരമായുള്ള അത്യാധുനിക ക്യൂ കോംപ്ലക്സ് പ്രാവർത്തികമാകുന്നത് വരെ മാത്രമായിരിക്കും ഈ സംവിധാനങ്ങൾ. പുതിയ ക്യൂ കോംപ്ലക്സ് വരുന്നതോടെ ഭക്തരുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകും. ക്ഷേത്ര വികസനത്തിനായുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനുള്ള ടെൻഡർ നടപടികൾ അവസാന ഘട്ടത്തിലാണ്.

ക്ഷേത്ര വികസനത്തിന് കൂടുതൽ ഭൂമി ആവശ്യമുണ്ട്. ഭൂമി നഷ്ടപ്പെടുന്നവരുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി അടുത്ത പത്ത് ദിവസത്തിനകം അവരുമായി ചര്‍ച്ച നടത്തുമെന്നും ചെയര്‍മാന്‍ അറിയിച്ചു. പ്രായമായവർക്കും കുട്ടികൾക്കും ബുദ്ധിമുട്ടില്ലാതെ കയറാൻ സാധിക്കുന്ന തരത്തിൽ ക്ഷേത്രത്തിനുള്ളിലെ നിലവിലെ ഫ്ലൈ ഓവർ മാറ്റി പുതിയത് രണ്ടാഴ്ചയ്ക്കകം സ്ഥാപിക്കും. നവീകരണം പൂർത്തിയാക്കിയ കൗസ്തുഭം റസ്റ്റ്ഹൗസ് അടുത്ത മാസം ഭക്തർക്കായി തുറന്നുനൽകും.

ഭക്തരുടെ മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള വിലപ്പെട്ട സാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ ഡിജി ലോക്കർ സംവിധാനം ഏർപ്പെടുത്തും. ഭരണസമിതി അംഗങ്ങളായ സി മനോജ്, എംയു ഷിനിജ, മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒബി അരുൺകുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.