Banner Ads

സ്‌കൂളുകളിൽ ആഴ്ചയിലൊരിക്കൽ കളർ ഡ്രസ്സ്; അനുകൂല നിലപാടുമായി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സ്‌കൂളുകളിൽ ആഴ്ചയിൽ ഒരു ദിവസം കളർ ഡ്രസ്സ് എന്ന ആശയം ആകർഷകമാണെന്നും അത് നടപ്പാക്കാൻ ശ്രമിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. സ്കൂളുകളിലെ ബാക്ക്ബെഞ്ച് രീതി ഒഴിവാക്കുമെന്നും ആർത്തവ അവധിയെ പോസിറ്റീവ് ആയി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർത്തവ ദിവസങ്ങളിൽ കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന നിരവധി കുട്ടികളുണ്ട്.

അവർക്ക് ഇളവ് നൽകുക എന്നത് മാത്രമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഭ്രഷ്ട് കൽപ്പിച്ചിരുന്നത് പഴയ കാലമാണെന്നും ആരെയും മാറ്റിനിർത്താൻ വേണ്ടിയല്ല ഈ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.രണ്ട് മാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങൾ ഇന്ന് തുറക്കുകയാണ്. ഇക്കുറി കനത്ത മഴമുന്നറിയിപ്പ് കുട്ടികളിലും രക്ഷിതാക്കളിലും നേരിയ ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും കുട്ടികളെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും സ്കൂളുകളിൽ പൂർത്തിയായിട്ടുണ്ട്. ആർഭാടങ്ങൾ ഒഴിവാക്കിയാണ് ഇത്തവണത്തെ പ്രവേശനോത്സവം.

സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പട്ടം ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. മൂന്ന് ലക്ഷത്തോളം കുരുന്നുകളാണ് ഇത്തവണ ആദ്യമായി വിദ്യാലയങ്ങളിലേക്ക് എത്തുന്നത്. കുട്ടികൾക്ക് സമാധാനപരമായ സ്കൂൾ ദിനങ്ങളും നന്മകളും നേർന്ന മന്ത്രി, പാഠപുസ്തക വിതരണമടക്കം പൂർത്തിയായെന്നും സ്കൂൾ അവധി പ്രഖ്യാപനങ്ങളിൽ കൃത്യമായ മാനദണ്ഡം കൊണ്ടുവരുമെന്നും അറിയിച്ചു.