Banner Ads

മഴരാഗമായി അവൻ പിറന്നു; തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ഒരു ദിവസം പ്രായമുള്ള ആൺകുഞ്ഞ്

തിരുവനന്തപുരം : കനത്ത മഴയ്ക്കിടയിൽ തലസ്ഥാനത്തെ അമ്മത്തൊട്ടിലിൽ ഒരു ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ ലഭിച്ചു. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ വെള്ളിയാഴ്ച വൈകുന്നേരം 6.30നാണ് 3.25 കിലോഗ്രാം ഭാരമുള്ള ചോരക്കുഞ്ഞ് എത്തിയത്. ഈ വർഷം തിരുവനന്തപുരം അമ്മത്തൊട്ടിലിൽ എത്തുന്ന ഏഴാമത്തെ അതിഥിയാണ് ഈ കുരുന്ന്. മഴയത്ത് എത്തിയ കുഞ്ഞിന് മേഘ്മൽഹാർ എന്നാണ് പേരിട്ടിരിക്കുന്നത്.

മഴ ആഗ്രഹിച്ച് പാടുന്ന ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രസിദ്ധമായ രാഗത്തിന്റെ പേരാണിത്. സമിതി ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ ആസ്ഥാനത്ത് ഉണ്ടായിരുന്ന സമയത്താണ് നഴ്‌സിംഗ് സ്റ്റേഷനിലും സുരക്ഷാ ക്യാബിനിലും കുഞ്ഞിന്റെ വരവറിയിച്ച് അലാറം മുഴങ്ങിയത്. ഒപ്പം ദത്തെടുക്കൽ കേന്ദ്രത്തിലെ മോണിറ്ററിൽ കുഞ്ഞിന്റെ ചിത്രവും തെളിഞ്ഞു. ജനറൽ സെക്രട്ടറിയും നഴ്സുമാരും ഓടിയെത്തി കുഞ്ഞിനെ ശിശു പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി.

പ്രാഥമിക പരിശോധനകൾക്ക് ശേഷം കുഞ്ഞിനെ തൈക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർമാരുടെ പരിശോധനയിൽ കുഞ്ഞ് പൂർണ്ണ ആരോഗ്യവാനാണെന്ന് സ്ഥിരീകരിച്ചു. 2023 മെയ് മാസം മുതൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സംസ്ഥാനത്തെ വിവിധ അമ്മത്തൊട്ടിലുകൾ വഴി 106 കുട്ടികളാണ് ശിശുക്ഷേമ സമിതിയുടെ പരിചരണത്തിൽ എത്തിയത്. ഏറ്റവും കൂടുതൽ കുട്ടികൾ എത്തിയത് തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ആണ്- 64 പേർ.

കുറവ് പത്തനംതിട്ടയിലും- ഒരാൾ. കൊല്ലം 4, ആലപ്പുഴ 11, എറണാകുളം 2, കോട്ടയം 7, തൃശൂർ 6, കോഴിക്കോട് 8, കാസർഗോഡ് – 2 എന്നിങ്ങനെയാണ് ജില്ലകളിലെ കണക്ക്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വിദേശത്തും സ്വദേശത്തുമായി 233 കുട്ടികളെയാണ് സമിതി ദത്ത് നൽകിയത്. ഇതിൽ 206 കുട്ടികളെ രാജ്യത്തിനകത്തും 27 കുട്ടികളെ വിദേശത്തുമാണ് ദത്ത് നൽകിയത്.

വിദേശത്തേക്ക് പോയവരിൽ ഏറ്റവും കൂടുതൽ കുട്ടികൾ എത്തിയത് ഇറ്റലിയിലാണ്. പത്ത് പേർ. അമേരിക്ക, ഡെൻമാർക്ക്, സ്പെയിൻ, യുഎഇ, സ്വീഡൻ എന്നീ രാജ്യങ്ങളിലേക്കും കുട്ടികൾ ദത്ത് പോയിട്ടുണ്ടെന്ന് സമിതി ജനറൽ സെക്രട്ടറി അഡ്വ ജിഎൽ അരുൺ ഗോപി അറിയിച്ചു.