Banner Ads

മാസപ്പടി പണം വിദേശ അക്കൗണ്ടുകളിലേക്ക് ഒഴുകി; അബുദാബി വഴി അമേരിക്കയിലേക്ക്! ഇഡിക്ക് കത്തുമായി ഷോൺ ജോർജ്

തിരുവനന്തപുരം : മാസപ്പടി കേസിൽ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട പണം വിദേശ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയെന്ന ഗുരുതര ആരോപണവുമായി ബിജെപി നേതാവ് ഷോൺ ജോർജ്. വിദേശ അക്കൗണ്ടുകളെ പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കത്ത് നൽകി. യുഎഇയിലെയും അമേരിക്കയിലെയും ബാങ്കുകളിലേക്ക് ലക്ഷക്കണക്കിന് രൂപ കൈമാറിയതായി വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്ന് ഷോൺ ജോർജ് പറഞ്ഞു.

സിഎംആർഎൽ ഇടപാടിലൂടെ ലഭിച്ച പണം യുഎഇയിലെ അബുദാബി കൊമേഴ്സ്യൽ ബാങ്കിലുള്ള എക്സാലോജിക് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ട്. വീണ തയ്ക്കണ്ടി, സുനീഷ് എം എന്നിവരാണ് ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് എസ്എൻസി ലാവലിൻ തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ നിന്ന് അബുദാബി അക്കൗണ്ടിലേക്ക് കോടിക്കണക്കിന് രൂപ വന്നിട്ടുണ്ട്. തുക പിന്നീട് അമേരിക്കയിലെ ചില രഹസ്യ അക്കൗണ്ടുകളിലേക്ക് മാറ്റിയതായും കത്തിൽ ആരോപിക്കുന്നു.