
കൊല്ലം : പുനലൂർ-പത്തനാപുരം പാതയിലെ കടക്കാമണ്ണിൽ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. കോന്നി കുന്നണ്ണൂർ നെടിയകാലായിൽ മുഹമ്മദ് ഇസ്മായിൽ (55) ആണ് മരിച്ചത്. ഗുരുവായൂരിൽ നിന്ന് പുനലൂരിലേക്ക് വരികയായിരുന്ന സൂപ്പർ ഡീലക്സ് ബസ് കടയ്ക്കാമൺ ഭാഗത്തെ ഇറക്കത്തിൽ വെച്ച് പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ നിയന്ത്രണം വിടുകയായിരുന്നു.
റോഡിൽ വെച്ച് കറങ്ങിയ ബസിന്റെ മുൻവശം പത്തനാപുരം ഭാഗത്തേക്ക് തിരിഞ്ഞ് സമീപത്തെ മതിലിൽ ഇടിച്ചു. ഈ സമയം പുനലൂരിൽ നിന്നും പത്തനാപുരത്തേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന മുഹമ്മദ് ഇസ്മായിലിനെ ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇസ്മായിലിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപകടത്തിന്റെ ആഘാതത്തിൽ ബസിന്റെ മെയിൻ ഡ്രൈവർ സീറ്റിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണു. ബസിലുണ്ടായിരുന്ന രണ്ടാമത്തെ ഡ്രൈവറുടെ കാൽ വണ്ടിക്കുള്ളിൽ കുടുങ്ങിപ്പോയതിനാൽ വാഹനം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഇതോടെ യാത്രക്കാരനായ ഷെഫീക്കിന്റെ ഇടപെടലാണ് ബസിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചത്.