Banner Ads

കോഴിക്കോട്: ഡൈനിങ് ടേബിളിൽ നിന്ന് വീണ് പരിക്കേറ്റ മൂന്ന് വയസുകാരി മരിച്ചു

കോഴിക്കോട്: വീടിനുള്ളിലെ ഡൈനിങ് ടേബിളിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു. അത്താണി സ്വദേശികളായ സുബിൻപ്രേം – അഭിരാമി ദമ്പതികളുടെ മകൾ അലംകൃതയാണ് മരണപ്പെട്ടത്.ബുധനാഴ്ച രാവിലെ 10.30 ഓടെയായിരുന്നു അപകടം.

സാധാരണയായി കുട്ടി ഡൈനിങ് ടേബിളിൽ തനിയെ കയറാറുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. അപകടസമയത്ത് ശബ്ദം കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോൾ കുട്ടി നിലത്ത് ബോധരഹിതയായി കിടക്കുന്നതാണ് കണ്ടത്.

ഉടൻ തന്നെ കുട്ടിയെ കോഴിക്കോട് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും പൾസ് കുറഞ്ഞു വന്നതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ വ്യാഴാഴ്ച പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. ആരുഷ് ആണ് ഏക സഹോദരൻ.