
ന്യൂഡൽഹി: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച തടയാൻ കർശനമായ മുൻകരുതലുകൾ സ്വീകരിക്കുന്നതായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA). അടുത്ത വർഷം മുതൽ പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കുന്നതോടെ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് എൻ.ടി.എ മേധാവി പാർലമെന്ററി സമിതിയെ അറിയിച്ചു. ചോദ്യപേപ്പറുകൾ തയ്യാറാക്കുന്ന രീതിയിലും മാറ്റം വരുത്തും. ഇന്നലെ ചേർന്ന പാർലമെന്ററി സമിതി യോഗത്തിൽ എൻ.ടി.എ തലവൻ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.
യോഗത്തിൽ പുനപ്പരീക്ഷ സംബന്ധിച്ച ചർച്ചകളും നടന്നു. ഇനി ഇത്തരം വീഴ്ചകൾ ഉണ്ടാകാതിരിക്കാനുള്ള സുരക്ഷാ നടപടികൾ ഉറപ്പാക്കിയിട്ടുണ്ടെന്ന് എൻ.ടി.എ വ്യക്തമാക്കി.അതേസമയം, ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണം എത്രയും വേഗം പൂർത്തിയാക്കുമെന്ന് സി.ബി.ഐ അറിയിച്ചു. പരീക്ഷാ നടത്തിപ്പിനായി ഐ.ഐ.ടി വിദഗ്ധരുടെ മേൽനോട്ടത്തിലാണ് പ്രത്യേക പോർട്ടൽ തയ്യാറാക്കിയത്. പരീക്ഷയുടെ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ തിങ്കളാഴ്ച മുതൽ സമർപ്പിക്കാം.