Banner Ads

പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരം: 30 ശതമാനം വരെ അധികസീറ്റുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട സീറ്റ് ക്ഷാമം പരിഹരിക്കാൻ നിർണായക തീരുമാനവുമായി സർക്കാർ. വടക്കൻ ജില്ലകൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ പ്രതിസന്ധി മറികടക്കാൻ 30 ശതമാനം വരെ അധികസീറ്റുകൾ അനുവദിക്കാൻ സർക്കാർ അനുമതി നൽകി. ഇതിനൊപ്പം കഴിഞ്ഞ വർഷം വരെ നിലനിന്നിരുന്ന താല്ക്കാലിക ബാച്ചുകൾ ഈ അധ്യയനവർഷവും തുടരാൻ തീരുമാനിച്ചിട്ടുണ്ട്.

ഏറ്റവും കൂടുതൽ സീറ്റ് ക്ഷാമം നേരിടുന്ന 7 ജില്ലകളിലെ സർക്കാർ-എയ്ഡഡ് സ്കൂളുകളിലാണ് സീറ്റുകൾ വർദ്ധിപ്പിച്ചത്.സർക്കാർ സ്കൂളുകളിൽ: 30 ശതമാനം സീറ്റുകൾ അധികമായി അനുവദിച്ചു.എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം സീറ്റുകളുടെ വർദ്ധനവ് ഉണ്ടാകും.ബാധകമായ ജില്ലകൾ തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട്.

സീറ്റ് വർദ്ധനവിന് പുറമെ, മുൻവർഷങ്ങളിലെ താല്ക്കാലിക ബാച്ചുകൾ നിലനിർത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.ആകെയുള്ള 314 താല്ക്കാലിക ബാച്ചുകളിൽ 313 ബാച്ചുകൾക്കും ഇത്തവണ തുടർച്ചാനുമതി നൽകി.ഇതിനുപുറമെ, മുൻപ് ഷിഫ്റ്റ് ചെയ്തിരുന്ന 38 ബാച്ചുകളും ഈ വർഷം അതേപടി തുടരുന്നതായിരിക്കും.ഈ പുതിയ തീരുമാനത്തോടെ സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശന പ്രതിസന്ധിക്ക് വലിയ തോതിൽ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.